തെൽ അവിവ്: ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതൊരു ശ്രമത്തെയും എതിർക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വഴിതുറക്കുന്ന യു.എസ് നേതൃത്വത്തിലുള്ള ഗസ്സ പ്രമേയത്തിൽ യു.എൻ രക്ഷാസമിതി വോട്ടെടുപ്പിന് മുന്നോടിയായാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നത് ഹമാസിനുള്ള സമ്മാനമാകുമെന്നും ഇസ്രായേൽ അതിർത്തിയിൽ കൂടുതൽ വിശാലമായ ഹമാസ് ഭരണത്തിനാണ് ഇത് വഴിയൊരുക്കുകയെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.
എന്നാൽ, ഗസ്സ വെടിനിർത്തൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് യു.എസ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ നെതന്യാഹുവിന് അന്താരാഷ്ട്ര സമ്മർദവുമുണ്ട്.ഗസ്സയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാൻ യു.എൻ അനുമതി തേടിയുള്ള യു.എസ് നിർദേശത്തിലാണ് യു.എൻ രക്ഷാസമിതിയിൽ വോട്ടെടുപ്പ് നടക്കുക.
അതേസമയം, റഷ്യ, ചൈന, ചില അറബ് രാജ്യങ്ങൾ എന്നിവ നിർദേശത്തെ എതിർക്കുന്നുണ്ട്. ഹമാസും ഫലസ്തീൻ ഗ്രൂപ്പുകളും നിർദേശത്തെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. ഇസ്രായേലിന് അനുകൂലമായ ഭരണസംവിധാനം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സേന രൂപവത്കരിക്കുകയാണെങ്കിൽ അതിൽ ഇസ്രായേൽ ഉണ്ടാകരുതെന്നും യു.എന്നിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.