മരണ വാർത്തകൾക്ക് പിന്നാലെ കോഫി കുടിക്കുന്ന വിഡിയോ ഇറക്കി നെതന്യാഹു

തെൽ അവീവ്: ഇറാനിയൻ ആക്രമണത്തിൽ താൻ കൊല്ലപ്പെട്ടുവെന്ന ഓൺലൈൻ കിംവദന്തികൾക്ക് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. കഫേയിൽ കാപ്പി കുടിക്കുന്നതിനിടെയുള്ള പരിഹാസ രീതിയിലുള്ള വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.

ഇസ്രായേൽ പ്രധാനമന്ത്രി മരിച്ചുവെന്ന് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. അടുത്തിടെ പ്രചരിച്ച ടെലിവിഷൻ ദൃശ്യം നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന ആരോപണങ്ങളായിരുന്നു ഊഹാപോഹങ്ങൾക്ക് പിന്നിൽ. ഇതിന് പിന്നാലെയാണ് താൻ ജീവിച്ചിരിപ്പുണ്ടെന്നും തന്റെ കർത്തവ്യങ്ങൾ തുടരുന്നുണ്ടെന്നും അറിയിച്ചുള്ള പുതിയ വീഡിയോ നെതന്യാഹു പുറത്തിറക്കിയത്.

എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ, നെതന്യാഹു കോഫി ഓർഡർ ചെയ്യുന്നതും കിംവദന്തികളെക്കുറിച്ച് തമാശ പറയുന്നതും കാണാം. തന്റെ മരണത്തെക്കുറിച്ചുള്ള തെറ്റായ റിപ്പോർട്ടുകളെ പരാമർശിച്ചുകൊണ്ട് "ഞാൻ കാപ്പിക്ക് വേണ്ടി മരിക്കും" എന്ന് അദ്ദേഹം പറഞ്ഞു.

എന്റെ രാജ്യത്തെ ഞാൻ മരിക്കുവോളം സ്നേഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള പ്രതിസന്ധിയിൽ ഇസ്രായേലികൾ പെരുമാറിയ രീതിയെ അദ്ദേഹം പ്രശംസിച്ചു.

ഈ ആഴ്ച തുടക്കത്തിൽ നെതന്യാഹുവിന്‍റെ വാർത്താസമ്മേളനത്തിന്‍റെ ടെലിവിഷൻ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു. വിഡിയോയിൽ നെതന്യാഹുവിന് ആറ് വിരലുകൾ ഉണ്ടെന്നും എ.ഐ നിർമിത വിഡിയോ ആണെന്നും അവകാശപ്പെട്ടായിരുന്നു വിഡിയോ പ്രചരിച്ചത്. ഇതിന് മറുപടിയായി പുതിയ വിഡിയോയിൽ നെതന്യാഹു തന്‍റെ രണ്ട് കൈകളും കാമറക്ക് നേരെ ഉയർത്തിപ്പിടിച്ചു. നേരത്തെ, നെതന്യാഹുവിന്റെ ഓഫീസും മരണവാർത്തകൾ തള്ളിക്കളഞ്ഞിരുന്നു.

Tags:    
News Summary - Netanyahu mocks death rumours while sipping coffee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.