തെൽ അവീവ്: അന്താരാഷ്ട്ര സമൂഹത്തിന് ഹമാസിനെ തകർക്കാൻ സാധിച്ചില്ലെങ്കിൽ അതിനായി ഇസ്രായേൽ ഇറങ്ങുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിനെ നിരായുധീകരിക്കുകയും ഗസ്സ സൈന്യമുക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് ഗസ്സയിൽ ഇനിയും ഒരുപാട് ജോലികൾ പൂർത്തിയാക്കാനുണ്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് കേഡറ്റ്സിന്റെ ബിരുദദാന ചടങ്ങിലാണ് നെതന്യാഹുവിന്റെ പരാമർശം.എന്ത് സംഭവിച്ചാലും ഹമാസ് നിരായുധീകരിക്കുകയും ഗസ്സ സൈന്യമുക്തമാവുകയും ചെയ്യുകയും ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.
അതേസമയം, 24 മണിക്കൂറിനിടെ 100ലേറെ പേരെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിൽ രണ്ട് ബന്ദികളുടെ മൃതദേഹം കൂടി ഹമാസ് കൈമാറി. റെഡ് ക്രോസ് ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യത്തിനും തുടർന്ന് ബന്ധുക്കൾക്കും കൈമാറും.
ജീവനോടെയുള്ള ബന്ദികളെ ഒന്നാം ദിവസം തന്നെ ഹമാസ് കൈമാറിയിരുന്നു. അവശേഷിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സമയമെടുക്കുമെന്ന് അറിയിച്ചിരുന്നു. ഈജിപ്തും റെഡ്ക്രോസ് അന്താരാഷ്ട്ര സംഘവും ഹമാസിനൊപ്പം മൃതദേഹങ്ങൾ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. മൊത്തം 28 മൃതദേഹങ്ങളുള്ളതിൽ 13 എണ്ണം കണ്ടെത്തിയിട്ടുണ്ട്. അവശേഷിച്ചവക്കായാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ആദ്യമായാണ് വിദേശ സംഘങ്ങളെ ഇസ്രായേൽ ഗസ്സയിൽ അനുവദിക്കുന്നത്. ഈജിപ്തിൽനിന്നെത്തിച്ച മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കിയാണ് പലയിടത്തും തിരച്ചിൽ. ഗസ്സയുടെ 84 ശതമാനം പ്രദേശവും സമ്പൂർണമായി ഇസ്രായേൽ ബോംബിട്ടും നേരിട്ടുള്ള ആക്രമണത്തിലും നാമാവശേഷമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലായതാണ് വെല്ലുവിളിയാകുന്നതെന്നാണ് ഹമാസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.