മംദാനിയുടെ അറസ്റ്റ് ഭീഷണിക്കിടയിലും ന്യൂയോർക്ക് സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു

തെൽ അവീവ്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് അനുസരിച്ച് അറസ്റ്റ് ചെയ്യുമെന്ന് നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയുടെ ഭീഷണി നിലനിൽക്കെ ന്യൂയോർക്ക് സിറ്റി സന്ദർശിക്കാനുള്ള തന്റെ പദ്ധതി പ്രഖ്യാപിച്ച് ബിന്യമിൻ നെതന്യാഹു.

‘അതെ, ഞാൻ ന്യൂയോർക്കിലേക്ക് വരും’ ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്ക് ഫോറത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. മംദാനിയുമായി ഒരു സംഭാഷണത്തിന് നീക്കം നടത്തുമോ എന്ന് ചോദിച്ചപ്പോൾ, ‘അദ്ദേഹം മനസ്സ് മാറ്റി നമുക്ക് നിലനിൽക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞാൽ അത് ഒരു സംഭാഷണത്തിനുള്ള നല്ലൊരു തുടക്കമായിരിക്കും’ എന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.

34 കാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഇസ്രായേലിന്റെ നിലനിൽക്കാനുള്ള അവകാശത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇസ്രായേലിന് ഒരു ജൂത രാഷ്ട്രമാകാൻ അവകാശമുണ്ടെന്ന് പറഞ്ഞിട്ടില്ല. മതത്തെയോ മറ്റ് ഘടകങ്ങളെയോ അടിസ്ഥാനമാക്കി ഒരു രാജ്യത്തിനും പൗരത്വത്തിന്റെ ശ്രേണി ഉണ്ടാകരുതെന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടുമുണ്ട്.

കഴിഞ്ഞ മാസം നടന്ന ഒരു അഭിമുഖത്തിൽ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ന്യൂയോർക്കിൽ വന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് മംദാനി പ്രതികരിച്ചിരുന്നു. ‘ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച, ഗസ്സയിലെ വംശഹത്യയുടെ പേരിൽ ആരോപണമുയർന്ന വ്യക്തിയാണ് അദ്ദേഹം. ഇത് മാനുഷിക പരിശുദ്ധിയുടെ വിശ്വാസത്തെ അപമാനിക്കുന്നതാണ്. ന്യൂയോർക്ക് നിവാസികളിൽ നിന്ന് ഞാൻ ഇതേക്കുറിച്ച് കേൾക്കുന്നു​​ണ്ടെന്നും മംദാനി പറഞ്ഞു. 

രാഷ്ട്രീയം എങ്ങനെയാകണമെന്ന് കാണിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം മേയർ എന്ന നിലയിൽ തനിക്കുണ്ടെന്നും, അന്താരാഷ്ട്ര നിയമത്തിൽ വിശ്വസിക്കുന്ന ഒരു നഗരമാണ് ന്യൂയോർക്കെന്നും മംദാനി പറഞ്ഞിരുന്നു.

നെതന്യാഹുവും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കുന്ന നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റിനെ വിന്യസിക്കുമെന്ന് മംദാനി നേരത്തെ പറഞ്ഞിരുന്നു.

Tags:    
News Summary - Netanyahu announces visit to New York despite Mandani's arrest threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.