ബിന്യമിൻ നെതന്യാഹു

‘ഇസ്രായേൽ സാമ്പത്തികമായി ഒറ്റപ്പെട്ടു’; ഒടുവിൽ തുറന്ന് പറഞ്ഞ് നെതന്യാഹു; സ്വയംപര്യാപ്തരാകണമെന്നും ആഹ്വാനം

തെൽ അവീവ്: ഗസ്സയിലെ കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേൽ ലോകത്ത് സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുകയാണെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. രാജ്യത്തിന് പിടിച്ചുനിൽക്കാൻ കൂടുതൽ സ്വയംപര്യാപ്തരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഖത്തർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളിൽനിന്നടക്കം രൂക്ഷ വിമർശനം നേരിടുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ തുറന്നുപറച്ചിൽ. ജറൂസലേമിൽ ധനമന്ത്രാലയത്തിന്‍റെ അക്കൗണ്ടന്‍റ് ജനറൽ കോൺഫറൻസിൽ സംസാരിക്കുന്നതിനിടെയാണ് രാജ്യം സാമ്പത്തികമായി ഒറ്റപ്പെടുന്ന കാര്യം അദ്ദേഹം സമ്മതിച്ചത്. ‘ഇസ്രായേൽ ഒരുതരം ഒറ്റപ്പെടലിലാണ്. വിദേശ വ്യാപാരത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്തമായൊരു സമ്പദ് വ്യവസ്ഥ നമ്മുക്ക് വളർത്തിയെടുക്കണം. സ്വതന്ത്ര വ്യാപാരം എന്ന ആശയത്തിന്‍റെ പിന്തുണക്കാരനാണ് ഞാൻ. പക്ഷേ നമ്മുടെ ആയുധ വ്യവസായങ്ങൾക്ക് തിരിച്ചടിയേറ്റ സാഹചര്യത്തിൽ നമ്മൾ മറ്റു വഴികൾ കണ്ടെത്തണം. നമുക്ക് ഇവിടെ ആയുധ വ്യവസായങ്ങൾ വികസിപ്പിക്കണം -ഗവേഷണത്തിനും വികസനത്തിനും മാത്രമല്ല, നമുക്ക് ആവശ്യമുള്ളത് ഉൽപാദിപ്പിക്കാനും കൂടി’ -നെതന്യാഹു പറഞ്ഞു.

ഇസ്രായേലിന് ഈ ഒറ്റപ്പെടലിൽനിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നു. മുസ്ലിം കുടിയേറ്റക്കാരുടെ യൂറോപ്പിലേക്കുള്ള കൂട്ട പാലായനമാണ് അവിടുത്തെ സർക്കാറുകളെ ഇസ്രായേൽ വിരുദ്ധ ദിശയിലേക്ക് നയിക്കുന്നതും ജൂത രാഷ്ട്രവുമായുള്ള പ്രതിരോധ കരാറുകൾ റദ്ദാക്കാൻ അവരെ പ്രേരിപ്പിക്കുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഗസ്സ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേലുമായുള്ള വ്യാപാര, ആയുധ കരാറുകൾ വിവിധ രാജ്യങ്ങൾ റദ്ദാക്കിയത് ഇസ്രായേലിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.

ഇസ്രായേൽ ഒറ്റപ്പെട്ടെന്ന നെതന്യാഹുവിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് രംഗത്തെത്തി. ഇസ്രായേൽ ഒറ്റപ്പെടുകയാണെന്നും ഒറ്റപ്പെട്ട സമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടണമെന്നുമുള്ള നെതന്യാഹുവിന്റെ പ്രസ്താവന യാഥാർഥ്യബോധമില്ലാത്തതാണ്. നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സർക്കാറിന്റെയും തെറ്റായ നയങ്ങളുടെ ഫലമായാണ് നമ്മൾ ഒറ്റപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേലിനെ ഒരു മൂന്നാം ലോക രാജ്യമാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ആരോപിച്ചു.

നേരത്തെ, ഖത്തറിന്റെ കാര്യത്തിൽ ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് നെതന്യാഹുവിനോട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഖത്തറിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഹമാസ് നേതാക്കൾ താമസിച്ച കെട്ടിടത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര അറബ് -ഇസ്‌ലാമിക് ഉച്ചകോടി ഇന്ന് ദോഹയിൽ നടക്കും. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷനിലെ (ഒ.ഐ.സി) നേതാക്കളും 22 അംഗ അറബ് ലീഗിലെ നേതാക്കളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതികരണമായി നയതന്ത്ര ബന്ധങ്ങൾ വിഛേദിക്കുന്നത് അടക്കം ശക്തമായ തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. വ്യാപാര നിയന്ത്രണങ്ങൾ ഉൾപ്പെടെ ഇസ്രായേലിനെതിരെ സമ്മർദം ചെലുത്താൻ അറബ് രാജ്യങ്ങൾ മുന്നോട്ടുവന്നേക്കാമെന്നും കരുതുന്നു. ഇസ്രായേലിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ നേരത്തേ അറിയിച്ചിരുന്നു. ഫലസ്തീനിൽ തുടങ്ങി ഖത്തറിൽ വരെ എത്തിനിൽക്കുന്ന, അറബ് ലോകത്തിനെതിരായ ഇസ്രായേൽ ആക്രമണങ്ങളുടെ പരമ്പരയുടെ പശ്ചാത്തലത്തിലാണ് ദോഹയിലെ അറബ് -ഇസ്‌ലാമിക് ഉച്ചകോടി നടക്കുന്നതെന്നും അടിയന്തര നടപടികളുണ്ടാകുമെന്നുമാണ് ഇതുസംബന്ധിച്ച് രാഷ്ട്രീയ വിദഗ്ധർ പ്രകടിപ്പിക്കുന്നത്.

Tags:    
News Summary - Netanyahu admits Israel is economically isolated, will need to become self-reliant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.