ബേൺ(സ്വിറ്റ്സർലാൻഡ്): കീഴുദ്യോഗസ്ഥയുമായി രഹസ്യ പ്രണയബന്ധം കാത്തുസൂക്ഷിച്ചുവെന്ന് കണ്ടെത്തിയതിന് പിന്നാലെ ചീഫ് എക്‌സിക്യൂട്ടീവ് ലോറന്റ് ഫ്രീക്‌സെയെ പുറത്താക്കി സ്വിസ് ഭക്ഷ്യ ഭീമൻ നെസ്‌ലെ.
നിലവിൽ ഉപബ്രാൻഡായ നെസ്പ്രെസോയുടെ മേധാവി ഫിലിപ്പ് നവ്രാറ്റിലിനെ കമ്പനിയുടെ പുതിയ സി.ഇ.ഒ ആയി നിയമിച്ചു. നേരത്തെ, ആരോപണമുയർന്നതിനെ തുടർന്ന് വിഷയം അന്വേഷിക്കാൻ സ്ഥാപനം പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡയറക്ടർ ബോർഡ് ചെയർമാൻ പോൾ ബൾക്കെയുടെയും മുഖ്യ സ്വതന്ത്ര ഡയറക്ടർ പാബ്ലോ ഇസ്ലയുടെയും മേൽനോട്ടത്തിൽ പുറത്തുനിന്നുള്ള അഭിഭാഷകനുൾപ്പെട്ട സമിതിയാണ് അന്വേഷണം നടത്തിയത്. ‘നടപടി അനിവാര്യമായ തീരുമാനമായിരുന്നു. മൂല്യങ്ങളും ഭരണനിർവ്വഹണവുമാണ് കമ്പനിയുടെ അടിത്തറ. വർഷങ്ങൾ നീണ്ട ലോറന്റിന്റെ സേവനത്തിന് ഈ അവസരത്തിൽ നന്ദി പറയുന്നു,’ -ബൾക്കെ പ്രസ്താവനയിൽ പറഞ്ഞു.
1986-ലാണ് ലോറന്റ് ഫ്രീക്‌സെ ഫ്രാൻസിൽ നെസ്‌ലെയുടെ ഭാഗമാകുന്നത്. 2014 വരെ അദ്ദേഹം സ്ഥാപനത്തിന്റെ യൂറോപ്യൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സി.ഇ.ഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ലാറ്റിൻ അമേരിക്ക വിഭാഗത്തിന്റെ തലവനായിരുന്നു.
2001-മുതൽ മധ്യഅമേരിക്കയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനാണ് ഫിലിപ്പ് നവ്രാറ്റിൽ. 2013 മുതൽ 2020 വരെ മെക്സിക്കോയിലെ കമ്പനിയുടെ പാനീയ ബിസിനസിന് നേതൃത്വം നൽകി. കഴിഞ്ഞ വർഷം ജൂലൈയിൽ നെസ്പ്രസ്സോ ബ്രാൻഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി ചുമതലയേറ്റ അദ്ദേഹം 2025 ജനുവരിയിൽ കമ്പനി ബോർഡ് അംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.