നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്യുന്നു

‘പ്രക്ഷോഭത്തീ’ അടങ്ങുന്നു,​ നേപ്പാളിൽ മാർച്ച് അഞ്ചിന് തെരഞ്ഞെടുപ്പ്

കാഠ്മണ്ഡു: നേപ്പാൾ പ്രതിനിധി സഭയിലേക്ക് 2026 മാർച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ. രാജ്യത്തെ വിവിധ വിഭാഗങ്ങൾ തെരഞ്ഞെടുപ്പിൽ സഹകരിക്കണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു. നേപ്പാൾ പ്രധാനമന്ത്രിയായി സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രഖ്യാപനം.

പ്രധാനമന്ത്രിയുടെ ശിപാർശ സ്വീകരിച്ചാണ് പ്രസിഡന്റിന്റെ നടപടി. ​പ്രതിനിധി സഭ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും സ്വയം അച്ചടക്കം പാലിച്ചുകൊണ്ടും കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന് അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ‘നിർണായകവും കഠിനവും അപകടകരവുമായ സാഹചര്യത്തിലൂടെ കടന്നുപോയതിനുശേഷമേ രാജ്യത്തിന് സമാധാനത്തിന്റെ മാർഗം സാധ്യമാകൂ,’ -അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയും പാർലമെന്ററി സംവിധാനവും ഫെഡറൽ ജനാധിപത്യ റിപ്പബ്ലിക് ആശയവും കേടുകൂടാതെ നിലനിൽക്കുന്നുവെന്ന് പോഡൽ പറഞ്ഞു. ആറ് മാസത്തിനകം പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ പാതയിൽ മുന്നോട്ട് തുടരാൻ രാജ്യത്തിനാകും. ഇതിനായി പൗരൻമാർ കൈകോർക്ക​ണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് പുതിയ പ്രധാനമന്ത്രിയായി സുശീല കർക്കി ഓഫീസ്  ചുമത​ലയേൽക്കുക. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി.  ഞായറാഴ്ച തന്നെ, ചില പുതിയ മന്ത്രിമാരെ കൂടി പുതുതായി ഉൾപ്പെടുത്തി താൽക്കാലിക മന്ത്രിസഭ രൂപീകരിക്കുമെന്നാണ് വിവരം. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം മന്ത്രിസ്ഥാനങ്ങൾ കർക്കി തന്നെ വഹിക്കും.

സിംഗ്ദർബാർ സമുച്ചയത്തിൽ ആഭ്യന്തര മന്ത്രാലയത്തിനായി പുതുതായി നിർമ്മിച്ച കെട്ടിടം പ്രധാനമന്ത്രിയുടെ ഓഫീസാക്കി മാറ്റുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, സെക്രട്ടേറിയറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രക്ഷോഭകാരികൾ അഗ്നിക്കിരയായിക്കിയിരുന്നു.

പ്രക്ഷോഭത്തിനിടെ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന കാഠ്മണ്ഡു ബനേശ്വറിലെ സിവിൽ ആശുപത്രി പ്രധാനമന്ത്രി കർക്കി ശനിയാഴ്ച സന്ദർശിച്ചു.

അതേസമയം, പ്രധാനമന്ത്രിയായി സുശീല കർക്കിയെ നിയമിച്ചത് ഭരണഘടനാ വിരുദ്ധ നടപടിയെന്ന് നേപ്പാൾ ബാർ അസോസിയേഷൻ ആരോപിച്ചു. നിയമനത്തിനെതിരെ നിയമ പരിഹാരം തേടുമെന്നും അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി. പാർലമെന്റ് പിരിച്ചുവിടുന്നത് ഭരണഘടനയുടെ ലംഘനമെന്നും ബാർ അസോസിയേഷൻ വിമർശിച്ചു. നീക്കം ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്നും ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നും പിരിച്ചുവിട്ട പ്രതിനിധി സഭയുടെ ചീഫ് വിപ്പുകളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

രണ്ടു ദിവസത്തെ പ്രക്ഷോഭത്തിൽ 51 പേർ മരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞെങ്കിലും പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തെക്കുകിഴക്കൻ കാഠ്മണ്ഡുവിലെ ജയിലിൽ നിന്നും ചാടിയ തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 2 പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു.

Tags:    
News Summary - Nepal To Hold Parliamentary Elections March 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.