ഇന്ത്യ നേപ്പാളിന്റെ ഭൂമി കൈയേറിയതുപോലെ നേപ്പാളും ഇന്ത്യൻ ഭൂമി കൈയേറിയിട്ടുണ്ട്: വിവാദ പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ. ഇന്ത്യ നേപ്പാളിന്റെ ഭൂമി കൈയേറിയതുപോലെ തന്നെ, നേപ്പാളും പലയിടങ്ങളിലും ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഭൂമി കൈയേറിയിട്ടുണ്ടെന്ന പ്രസ്താവനയാണ് രാഷ്ട്രിയ വിവാദത്തിന് വഴിവെച്ചത്.

നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ജനപ്രതിനിധിസഭയിൽ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിലാണ് 36 കാരനായ ബാലേന്ദ്ര ഷാ ഈ വിവാദ പരാമർശം നടത്തിയത്. പാർലമെന്റിൽ നേപ്പാളും ഇന്ത്യയും തമ്മിൽ ദീർഘകാലമായി തർക്കം  നിലനിൽക്കുന്ന കാലാപാനി മേഖലകളെ കുറിച്ച് ഒരു ജനപ്രതിനിധി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഈ വിവാദ പ്രതികരണം ഉണ്ടാവുന്നത്.

"ഞാൻ പ്രധാനമന്ത്രിയായ ശേഷമാണ്, ഈയടുത്ത കാലത്ത് ഒരു പ്രധാന വസ്തുത മനസ്സിലാക്കിയത്. ഇന്ത്യ നേപ്പാളിന്റെ ഭൂമി കൈയേറിയിട്ടുണ്ടെന്നത് മാത്രമല്ല, നേപ്പാളും പലയിടങ്ങളിലായി ഇന്ത്യൻ ഭൂമി കൈയേറിയിട്ടുണ്ട്. അതുകൊണ്ട് ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്താതെ, വസ്തുതകൾ പഠിക്കാനും ഒരുമിച്ചിരുന്ന് പ്രശ്നം പരിഹരിക്കാനും തയ്യാറാകണം," ബാലേന്ദ്ര ഷാ പറഞ്ഞു.

ഈ അതിർത്തി തർക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇതിന്റെ വേരുകൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്താണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.  അതിനാൽ, ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി ഇന്ത്യക്കും ചൈനക്കും പുറമെ ബ്രിട്ടനെ (ഇംഗ്ലണ്ട്) കൂടി മധ്യസ്ഥതക്കോ ചർച്ചകൾക്കോ ആയി ഉൾപ്പെടുത്തണം എന്ന് നേപ്പാൾ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളായ നേപ്പാളി കോൺഗ്രസും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. നേപ്പാൾ ഇന്ത്യൻ ഭൂമി കൈയേറി എന്നതിന് യാതൊരുവിധ ഔദ്യോഗിക രേഖകളോ ചരിത്രപരമായ തെളിവുകളോ ഇല്ലെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലപാടിനെ ദുർബലപ്പെടുത്തുന്ന ഈ പ്രസ്താവന പാർലമെന്റ് രേഖകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. 

നേപ്പാൾ പുതിയ രാഷ്ട്രീയ ഭൂപടം വഴി ഉന്നയിക്കുന്ന ലിപുലേഖ്, കാലാപാനി തർക്കങ്ങൾ ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഈ പ്രദേശങ്ങൾ ഉത്തരാഖണ്ഡിന്റെ ഭാഗമാണെന്നാണ് ഇന്ത്യയുടെ വ്യക്തമായ നിലപാട്. ഏകപക്ഷീയമായ ഭൂപട നിർമ്മാണങ്ങൾ അംഗീകരിക്കില്ലെന്നും, ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Just as India encroached on Nepal's land, Nepal has also encroached on Indian land: Nepal Prime Minister makes controversial statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.