നേപ്പാൾ പ്രളയം: മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധനയ്ക്ക് വിദഗ്ധ ഫോറൻസിക് സംഘത്തെ അയച്ച് ഇന്ത്യ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി പ്രത്യേക ഫോറൻസിക് സംഘത്തെ നേപ്പാളിലേക്കയച്ച് ഇന്ത്യ. 11 ടൺ ദുരിതാശ്വാസ സാമഗ്രികളും മാനവിക സഹായങ്ങളുമടങ്ങുന്ന നാലാമത്തെ ഇന്ത്യൻ വിമാനത്തിലാണ് ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ എത്തിയത്. നേപ്പാൾ ദുരന്ത നിവാരണ സേനയുമായി ചേർന്ന് ഈ സംഘം ഡി.എൻ.എ സാമ്പിൾ പരിശോധനകൾക്ക് നേതൃത്വം നൽകുമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ എന്നിവയാണ് പ്രധാനമായും നേപ്പാളിലേക്ക് എത്തിച്ചിട്ടുള്ളത്. തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരും രക്ഷാപ്രവർത്തന ഉപകരണങ്ങളും അടങ്ങിയ സംഘവും ഇതോടൊപ്പം എത്തിയിട്ടുണ്ട്.

റസുവയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ ഈ സഹായം പ്രയോജനപ്പെടുമെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ നേപ്പാളിന് ആവശ്യമായ എല്ലാ പിന്തുണയും തുടർന്നും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

ആഗസ്റ്റ് 26ന് നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടമാണുണ്ടായത്. നേപ്പാൾ നാഷനൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 734 പേർ ഇതിനകം മരണപ്പെട്ടതായി സ്ഥീരീകരിച്ചിട്ടുണ്ട്. വിദേശികൾ ഉൾപ്പെടെ 2,498 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവർക്കായി തിരച്ചിൽ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    
News Summary - India Sends Expert Forensic Team to Nepal for DNA Identification of Flood Victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.