കാഠ്മണ്ഡു: മിന്നൽ പ്രളയം വൻദുരന്തം വിതച്ച നേപ്പാളിലെ റസുവ, നുവാകോട്ട് ജില്ലകളിലെ വൈദ്യുതി നിലയങ്ങളിൽ മാത്രം കാണാതായത് 537 തൊഴിലാളികളെ. ചളിയും അവശിഷ്ടങ്ങളും വഴിയടച്ച തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിയെന്ന് കരുതുന്നവരെ പുറത്തെത്തിക്കാൻ അതിതീവ്ര ശ്രമങ്ങൾ തുടരുകയാണ്. തുരങ്കങ്ങളുടെ പ്രവേശനഭാഗം മൂടിയും യന്ത്രങ്ങൾ തകർത്തും വൈദ്യുതി നിലയങ്ങളേറെയും പ്രവർത്തനരഹിതമാക്കിയുമാണ് പ്രളയജലം ഇരച്ചെത്തിയത്. നേപ്പാൾ സ്വതന്ത്ര വൈദ്യുതി ഉൽപാദക സംഘടനയുടെ കണക്കുകൾ പ്രകാരം രണ്ട് ജില്ലകളിലെ ഒമ്പതു നിലയങ്ങളിലായി 898 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 361 പേരെ രക്ഷപ്പെടുത്തി. അവശേഷിച്ചവരെ കുറിച്ച് ഒരുവിവരവുമില്ല.
റസുവയിൽ 216 മെഗാവാട്ട് ശേഷിയുള്ള തിശ്രൂലി-1 നിലയത്തിലാണ് ഏറ്റവും ഗുരുതര സാഹചര്യം. ഇവിടെ 300ഓളം ജീവനക്കാർ തുരങ്കത്തിനുള്ളിലാണ്. നുവാകോട്ടിൽ 60 മെഗാവാട്ട് ശേഷിയുള്ള അപ്പർ തൃശൂലി-3എ നിലയത്തിൽ തുരങ്കത്തിന്റെ പ്രവേശനഭാഗത്തെ മണ്ണ് നീക്കാനായത് പ്രതീക്ഷ നൽകുന്നുണ്ട്. ഇവിടെ കുടുങ്ങിയ ജീവനക്കാർക്കായി ഓക്സിജനും കാമറയും അയക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
ചെന്നൈ: നേപ്പാളിലെ പ്രളയത്തിൽ കുടുങ്ങിയ തമിഴ്നാട്ടുകാരിൽ 219 പേർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറിയിച്ചു. മറ്റുള്ള 100 പേരെക്കുറിച്ച് ഇതുവരെ വിവരമില്ലെങ്കിലും അവരെ കണ്ടെത്തി രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് രാജ്മോഹൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.