ചിമ്പാൻസികളെ കൊന്നൊടുക്കി അജ്ഞാത രോഗം; മനുഷ്യരിലേക്ക് പടരാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

ഫ്രിക്കൻ രാജ്യമായ സീറ ലിയോണിൽ ചിമ്പാൻസികളെ കൊന്നൊടുക്കി അജ്ഞാത രോഗം. മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാത്ത, ബാക്ടീരിയ രോഗമാണ് ചിമ്പാൻസികളുടെ മരണത്തിന് കാരണമാകുന്നത്. ജനിതകപരമായി മനുഷ്യന്‍റെ ഏറ്റവും അടുത്തു നിൽക്കുന്ന ജീവിവർഗമാണ് ചിമ്പാൻസി. അതിനാൽ രോഗം മനുഷ്യരിലേക്ക് പടരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഇ.എൻ.ജി.എസ് (എപ്പിസൂട്ടിക് ന്യൂറോളജിക് ആൻഡ് ഗാസ്ട്രോഎന്‍ററിക് സിൻഡ്രോം) എന്നാണ് രോഗത്തെ വിദഗ്ധർ വിളിക്കുന്നത്. നാഡീസംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ഛർദി തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങൾ. സീറ ലിയോണിലെ ടാകുഗമ വന്യജീവി സങ്കേതത്തിൽ മാത്രം 2005 മുതൽ 56 ചിമ്പാൻസികളാണ് ഈ രോഗം ബാധിച്ച് മരിച്ചത്. ചികിത്സ നൽകിയിരുന്നെങ്കിലും ഫലം ചെയ്തിരുന്നില്ല.

രോഗത്തിന് സാർസിന ബാക്ടീരിയ ബാധയുമായി സാമ്യമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പഠനസംഘം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. നൂറ് ശതമാനമാണ് അസുഖം മൂലമുള്ള മരണനിരക്ക്. അസുഖം ബാധിച്ച ചിമ്പാൻസികളുടെ ആമാശയത്തിൽ വാതകം നിറയുന്നതും വയർ വീർത്തുവരുന്നതും ലക്ഷണങ്ങളാണ്.

മനുഷ്യനും ചിമ്പാൻസിയും തമ്മിൽ 98 ശതമാനം ജനിതക സാമ്യതയാണുള്ളത്. എന്നാൽ, ചിമ്പാൻസികളിലെ രോഗം മനുഷ്യനിലേക്ക് നേരിട്ട് പകരില്ല എന്നതാണ് ആശ്വാസം നൽകുന്ന ഘടകം. ടാകുഗാമയിൽ പ്രത്യേക ചില കാലാവസ്ഥയിലാണ് ചിമ്പാൻസികളിൽ രോഗം പ്രത്യക്ഷപ്പെടുന്നത്. അതിനാൽ, കാലാവസ്ഥയും സാഹചര്യവും രോഗവ്യാപനത്തെ സ്വാധീനിക്കുമെന്നും ജാഗ്രത വേണമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.