ട്രംപ്-മസ്‌ക് വാക്പോര്; ട്രംപിനെ വെല്ലുവിളിച്ച് മസ്ക്, വഴിമുട്ടുമോ യു.എസ് ബഹിരാകാശ പദ്ധതികള്‍?

വാഷിങ്ടൺ: ഡോണൾഡ് ട്രംപും ഇലോൺ മസ്കും തമ്മിൽ നടക്കുന്ന തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏകദേശം 22 ബില്യൺ ഡോളർ മൂല്യം വരുന്ന സ്പേസ് എക്സ് കരാറുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന യു.എസ് ബഹിരാകാശ പദ്ധതികളെ ഇത് മോശമായി ബാധിക്കും. ബഹിരാകാശ രംഗത്ത് നാസയും മസ്കിന്‍റെ സ്പേസ് എക്‌സുമായി 22 ബില്യൺ ഡോളറിന്‍റെ (1.8 ലക്ഷം കോടി രൂപ)കരാറുകള്‍ നിലവിലുള്ളതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച ട്രംപ് മസ്കിനെതിരെ നടത്തിയ പരാമർശമായിരുന്നു വാക്പോരിന് കാരണം. പിന്നീട് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പരസ്പരം വിമർശനങ്ങൾ ഉന്നയിച്ചു. ഇപ്പോൾ മസ്കിന്‍റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന് നല്‍കിയിരിക്കുന്ന സര്‍ക്കാര്‍ സബ്‌സിഡികളും കരാറുകളും റദ്ദാക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. എന്നാൽ അങ്ങനെ ചെയ്താൽ നാസ ഉപയോഗിക്കുന്ന ഡ്രാഗണ്‍ ക്രൂ ബഹിരാകാശ പേടകം ഡീകമ്മീഷന്‍ ചെയ്യുമെന്ന് മസ്കും പ്രതികരിച്ചിരിക്കുകയാണ്.

'നമ്മുടെ ബജറ്റില്‍ കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള എളുപ്പവഴി ഇലോണിന്റെ സര്‍ക്കാര്‍ സബ്‌സിഡികളും കോണ്‍ട്രാക്ടുകളും ഒഴിവാക്കുകയാണ്. ബൈഡന്‍ അത് ചെയ്യാതിരുന്നതില്‍ ഞാനെപ്പോഴും ആശ്ചര്യപ്പെട്ടിരുന്നു.' എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.

നിലവില്‍ ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണങ്ങള്‍ക്കായി യു.എസ് ഭരണകൂടം ആശ്രയിക്കുന്നത് സ്‌പേസ് എക്‌സിനെയാണ്. നാസക്ക് ഇപ്പോള്‍ സ്വന്തമായി ബഹിരാകാശ പേടകങ്ങളില്ല. അഞ്ച് ബില്യൺ ഡോളറിന്റെ സ്‌പേസ് എക്‌സുമായുള്ള കരാർ പ്രകാരം 2020 മുതൽ നാസ ബഹിരാകാശ പേടകത്തെ ആശ്രയിച്ചുവരുന്നു. മസ്‌കിന്റെ ബഹിരാകാശ കമ്പനിയെ യു.എസ് ബഹിരാകാശ പദ്ധതിയുടെ ഒരു പ്രധാന ഘടകമാക്കി മാറ്റുന്ന നിരവധി ക്രമീകരണങ്ങളിൽ ഒന്നാണിത്.

Tags:    
News Summary - Musk-Trump breakup puts billions in SpaceX contracts at risk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.