ന്യൂഡൽഹി: ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസ്. ഏപ്രിൽ മൂന്നു മുതൽ നാലു വരെ തായ്‌ലൻഡിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമർശം. ഉച്ചകോടിക്കിടെ മുഹമ്മദ് യൂനുസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബംഗ്ലാദേശും ഇന്ത്യയും പരസ്പരം ആശ്രയിച്ചിരിക്കുന്നതിനാൽ ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുകയല്ലാതെ മറ്റു മാർഗമില്ല. ചില സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും ഇപ്പോഴും സമ്പർക്കത്തിലാണെന്നും ഉന്നതതല സന്ദർശനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും യൂനുസ് പറഞ്ഞു. ബി.ബി.സി ബംഗ്ലക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുമായുള്ള തെറ്റിദ്ധാരണ മറികടക്കാൻ ബംഗ്ലാദേശ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ‘വളരെ നല്ലതാണെന്ന്’ യൂനുസ് വിശേഷിപ്പിച്ചു. ‘നമ്മുടെ ബന്ധം എപ്പോഴും നല്ലതായിരിക്കും, ഇപ്പോൾ നല്ലതാണ്, ഭാവിയിലും നല്ലതായിരിക്കും’ അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾക്കിടയിൽ ഒരു തെറ്റിദ്ധാരണ ഉടലെടുത്തു. ആ തെറ്റിദ്ധാരണ മറികടക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലുണ്ടായ പ്രക്ഷോഭങ്ങളെ തുടർന്ന് ശൈഖ് ഹസീനയുടെ സർക്കാർ നിലം പതിക്കുകയും അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇടക്കാല സർക്കാർ കൈകാര്യം ചെയ്യുന്നതിനെ ഇന്ത്യ വിമർശിച്ചിരുന്നു. ശൈഖ് ഹസീനയെ കൈമാറണമെന്ന് ഇടക്കാല സർക്കാർ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.