ലണ്ടൻ: പ്രവാചക നിന്ദയെ തുടർന്ന് ഇന്ത്യയിൽ ബി.ജെ.പി നേതാക്കൾ പുലിവാലുപിടിച്ചിരിക്കുമ്പോൾ ബ്രിട്ടനിൽ ഒരു സിനിമയുടെ പേരിൽ പ്രതിഷേധം പുകയുന്നു. സൽമാൻ റുഷ്ദിയുടെ സാത്താനിക് വേഴ്സസിനു ശേഷം 35 വർഷം കഴിഞ്ഞാണ് യു.കെയിൽ വീണ്ടും പ്രതിഷേധത്തിരയിളകിയത്. ഇത്തവണ പ്രചാചകൻ മുഹമ്മദിന്റെ മകൾ ഫാത്തിമയുടെ ജീവിതം പ്രതിപാദിക്കുന്ന ബ്രിട്ടീഷ് സിനിമ 'ദ ലേഡി ഓഫ് ഹെവനു' നേരെയാണ് പ്രതിഷേധമുയർന്നത്. ദൈവനിന്ദയും വംശീയതയും പ്രചരിപ്പിക്കുന്ന സിനിമയാണിതെന്നാണ് ആക്ഷേപം.
സിനിമയിൽ തീവ്രവാദത്തിന്റെ ആദ്യ ഇരയായാണ് ഫാത്തിമയെ അടയാളപ്പെടുത്തുന്നതത്രെ. ജൂൺ മൂന്നിനാണ് യു.കെയിലെ തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്തത്. സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യത്തുടനീളം പ്രതിഷേധം നടന്നു. ''ജനങ്ങൾക്ക് വിമർശനാത്മകമായി സിനിമയെ സമീപിക്കാൻ അവകാശമുണ്ട്, എന്നാൽ ഈ പ്രതിഷേധം അതിരുകടന്നിരിക്കുന്നു''-സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാലിക് ശ്ലിബാക് സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. ബർമിങ്ഹാം,ബ്ലാക്ബേൺ,ഷെഫീൽഡ്,ബോൾട്ടൻ,ലീഡ്സ്, ബ്രാഡ്ഫോർഡ് നഗരങ്ങളിലടക്കം പ്രതിഷേധം കനത്തതോടെ ബ്രിട്ടനിലെ തിയേറ്ററുകളിൽ നിന്ന് ഈ ആഴ്ച സിനിമ പിൻവലിച്ചു. ഓൺലൈൻ ഹരജിയെ തുടർന്നാണ് ബ്രിട്ടീഷ് സിനിമ കമ്പനിയായ സിനിവേൾഡ് സിനിമ പിൻവലിച്ചത്.
സിനിമയിൽ പ്രവാചകനെ നേരിട്ട് നിന്ദിക്കുകയാണെന്നും ഞെട്ടിപ്പിക്കുന്ന പ്രവൃത്തി അംഗീകരിക്കാനാകില്ലെന്നും പരാതികളിൽ ചൂണ്ടിക്കാട്ടുന്നു. വംശീയത കുത്തിനിറച്ച സിനിമയിലെ പ്രധാന നെഗറ്റീവ് കഥാപാത്രങ്ങൾക്ക് വില്ലൻ പരിവേഷമാണ് നൽകിയിരിക്കുന്നത്. കൂടാതെ, പ്രവാചകന്റെ അനുയായികളെ തീർത്തും മോശമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.-പരാതികളിൽ വിവരിക്കുന്നു. അതേസമയം, ലണ്ടനിലെ തെരഞ്ഞെടുക്കപ്പെട്ട വേദികളിൽ സിനിമ പ്രദർശിപ്പിക്കാൻ ചില സിനിമ കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെയും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്. ''ഇതൊരു വംശീയ സിനിമയാണ്...ഒഴിവാക്കൂ'' -എന്നാണ് പ്രതിഷേധകരുടെ ആവശ്യം.
1988ൽ സൽമാൻ റുഷ്ദിക്കെതിരെ യു.കെയിൽ നടന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ബ്രാഡ്ഫോർഡിൽ സാത്താനിക് വേഴ്സസിന്റെ കോപ്പികൾ കത്തിച്ചാണ് അന്ന് പ്രതിഷേധം നടന്നത്. പുസ്തകത്തെ തുടർന്ന് സൽമാൻ റുഷ്ദിയെ വധിക്കാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനി ഫത്‍വ പുറപ്പെടുവിച്ചു. റുഷ്ദിയുടെ നോവൽ തുർക്കിയിലേക്ക് പരിഭാഷപ്പെടുത്തിയ വിവർത്തകൻ താമസിച്ച ഇസ്തംബൂളിലെ ഹോട്ടലിനും പ്രതിഷേധകർ തീയിടുകയുണ്ടായി. പരിഭാഷകൻ രക്ഷപ്പെട്ടുവെങ്കിലും തീപ്പിടിത്തത്തിൽ 35 പേർ മരിച്ചു.
പ്രതിഷേധം സംസ്കാരത്തെ തിരസ്കരിക്കലാണെന്നു വിമർശിച്ച് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. സിനിമ യു.എസിലും കാനഡയിലും പ്രദർശിപ്പിച്ചിരുന്നു. യുദ്ധത്തിൽ മാതാവിനെ നഷ്ടപ്പെട്ട ഒരു ഇറാഖി ബാലികയുടെ കഥയാണ് 'ദ ലേഡി ഓഫ് ഹെവൻ' എന്ന് സംവിധായകനും തിരക്കഥ കൃത്തുമായ ശൈഖ് യാസർ അൽ ഹബിബ് പറയുന്നു. കുട്ടി ഫാത്തിമയുടെ ജീവിതത്തിൽ ആകൃഷ്ടയാകുന്നതാണ് ഇതിന്റെ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.