ഗസ്സയിൽ വെടിയൊച്ചകൾക്ക് നടുവിൽ പ്രത്യാശയുടെ മംഗല്യം

ഗസ്സ: യുദ്ധത്തിന്റെ കരിനിഴലും സാമ്പത്തിക പ്രയാസങ്ങളും തളർത്തിയ ഗസ്സയുടെ മണ്ണിൽനിന്ന് അതിജീവനത്തിന്റെ ഒരു പുത്തൻ കഥയിതാ. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കും തീരാത്ത വേദനകൾക്കും ഇടയിൽ, പ്രണയത്തിന്റെയും പ്രത്യാശയുടെയും പുതിയൊരധ്യായം എഴുതിച്ചേർത്ത് 300 ഫലസ്തീൻ ദമ്പതികൾ വിവാഹിതരായി.

ദെയ്ർ അൽ ബലാഹിൽ നടന്ന ഈ സമൂഹ വിവാഹം കേവലം ഒരു ചടങ്ങായിരുന്നില്ല, മറിച്ച് ലോകത്തിന് മുന്നിൽ ഫലസ്തീൻ ജനത നൽകുന്ന കരുത്തുറ്റ സന്ദേശമായിരുന്നു. യു.എ.ഇയുടെ ‘ഗാലന്റ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായി നടന്ന ഈ ചടങ്ങ് സമീപകാലത്ത് ഗസ്സ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി. ഫലസ്തീൻ എംബ്രോയ്ഡറി ചെയ്ത മനോഹരമായ ഗൗണുകൾ ധരിച്ച വധുക്കളും, അലങ്കരിച്ച വാഹനങ്ങളിൽ എത്തിയ വരന്മാരും ആഘോഷത്തിന് മാറ്റുകൂട്ടി.

യുദ്ധത്തിന്റെ മുറിവുകൾ മറന്ന് ആയിരക്കണക്കിന് ആളുകൾ ഒത്തുചേർന്നു. പരമ്പരാഗതമായ നൃത്തവും സംഗീതവും അന്തരീക്ഷത്തെ സ​ന്തോഷഭരിതമാക്കി. ‘ഗസ്സ സന്തോഷം അർഹിക്കുന്നു’ എന്ന ബാനറുകൾക്ക് താഴെ ആ ദമ്പതികൾ കൈകോർത്തപ്പോൾ അത് വെറുമൊരു വിവാഹമായിരുന്നില്ല, മറിച്ച് തങ്ങളെ തകർക്കാൻ ഒന്നിനും കഴിയില്ലെന്ന പ്രഖ്യാപനമായിരുന്നു.

വിവാഹവേദിയിൽ എല്ലാവരെയും നൊമ്പരപ്പെടുത്തിയത് ഒരു കാഴ്ചയായിരുന്നു- തകർന്നടിഞ്ഞ, എന്നാൽ മനോഹരമായി അലങ്കരിച്ച ഒരു കാറിനുള്ളിൽ ഇരിക്കുന്ന വധു. ഗസ്സയുടെ നിലവിലെ അവസ്ഥയെ ഇതിലും ഹൃദ്യമായി അടയാളപ്പെടുത്താൻ മറ്റൊന്നിനും കഴിയില്ല. ചുറ്റും നാശമാണെങ്കിലും ഉള്ളിൽ വിരിയുന്ന സ്വപ്നങ്ങൾക്ക് ആരും അതിർവരമ്പുകൾ തീർത്തിട്ടില്ലെന്ന് ആ ചിത്രം ലോകത്തോട് വിളിച്ചുപറഞ്ഞു.

യുദ്ധം കാരണം തൊഴിലും വീടും നഷ്ടപ്പെട്ട് വിവാഹംപോലും മാറ്റിവെക്കേണ്ടി വന്ന യുവാക്കൾക്ക് വലിയൊരാശ്വാസമാണ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷന്റെ ഈ സഹായം. പുതിയൊരു ജീവിതം തുടങ്ങാൻ വേണ്ട പ്രായോഗികമായ എല്ലാ പിന്തുണയും ഈ ദമ്പതികൾക്ക് നൽകി.

ഭൂരിഭാഗം പ്രദേശങ്ങളും നാശവും ക്ഷാമവും നേരിടുമ്പോൾ, സാധാരണ ജീവിതത്തിന്റെ ഒരു ചെറിയ നിമിഷമെങ്കിലും തിരിച്ചുപിടിക്കാൻ ഈ ഒത്തുചേരൽ സഹായിച്ചുവെന്ന് ഒര ഗാസ്സ നിവാസി പറഞ്ഞു. ആഘോഷ പൂർവം നടന്ന വിവാഹ ചടങ്ങുകളുടെ വീഡിയോ സമൂഹ മാധ്യങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലായി. കർശനമായ പരിശോധന പ്രക്രിയയിലൂടെയാണ് ദമ്പതികളെ തെരഞ്ഞെടുത്തത്.

മുമ്പ് വിവാഹം കഴിക്കാത്തവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഗസ്സ നിവാസികൾ ആകുക തുടങ്ങിയവയായിരുന്നു നിബന്ധനകളെന്ന് സംഘാടകർ അറിയിച്ചു. ഗാലന്‍റ് നൈറ്റ് 3 സംരംഭത്തിന് കീഴിൽ രണ്ടാം തവയാണ് ഫലസ്തീനിൽ സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.

Tags:    
News Summary - 300 Palestinian couples marry in Gaza mass wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.