ഇസ്‍ലാമാബാദ്: ഇറാൻ-യു.എസ് യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് പ്രതീക്ഷയേകി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി ഞായറാഴ്ച വീണ്ടും ഇസ്‍ലാമാബാദിൽ എത്തും.
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിർദ്ദേശങ്ങളുമായാണ് അദ്ദേഹം എത്തുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒമാൻ സന്ദർശനം പൂർത്തിയാക്കി റഷ്യയിലേക്ക് തിരിക്കും മുമ്പാണ് അദ്ദേഹം വീണ്ടും പാക്കിസ്ഥാനിലെത്തുകയെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.ശനിയാഴ്ച പാകിസ്താനിൽ നിന്ന് മടങ്ങിയ അരാക്ചിയും സംഘവും രണ്ടാംഘട്ട ചർച്ചകൾക്കായി വീണ്ടും ഒത്തുചേരുകയാണ്.
ഇറാൻ സംഘത്തിലെ ചില പ്രതിനിധികൾ കഴിഞ്ഞ ദിവസം തെഹ്‌റാനിലേക്ക് മടങ്ങിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉന്നത നേതാക്കളുമായി ചർച്ച നടത്താനും ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കാനുമായിരുന്നു ഈ സന്ദർശനം. ഇവരും ഞായറാഴ്ച രാത്രിയോടെ അരാക്ചിക്കൊപ്പം പാകിസ്താനിലെത്തും.ഇസ്‌ലാമാബാദിൽ നിന്ന് ഒമാനിലെത്തിയ അരാക്ചി അവിടെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, യു.എസ് സമാധാന ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജാരദ് കുഷ്നറും അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ പാക്കിസ്താൻ യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം റദ്ദാക്കയിരുന്നു. ഇറാന്റെ ചർച്ചാ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ട്രംപിന്റെ ഈ നീക്കം. എന്നാൽ, ട്രംപ് യാത്ര റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ഇറാൻ കൂടുതൽ മെച്ചപ്പെട്ട സമാധാന നിർദ്ദേശങ്ങൾ സമർപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ പാക്കിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ പുതിയ നിർദ്ദേശങ്ങൾ ചർച്ചകളിൽ എത്രത്തോളം ഗുണകരമാകുമെന്നാണ് ഇപ്പോൾ നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.