ഗസ്സയിൽ 48 മണിക്കൂറിനുള്ളിൽ കൊന്നു തള്ളിയത് 300ലധികം പേരെ; സമ്പൂർണ അധിനിവേശത്തിനൊരുങ്ങി ഇസ്രായേൽ

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ വ്യോമസേന കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 300ലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയതായി പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളിൽ കുറഞ്ഞത് 58 പേർ കൊല്ലപ്പെട്ടു.
മാർച്ചിലെ വെടിനിർത്തൽ കരാർ തകർന്നതിനുശേഷം ബോംബാക്രമണത്തിന്റെ ഏറ്റവും മാരകമായ ഘട്ടങ്ങളിലൊന്നാണിത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച തന്റെ പശ്ചിമേഷ്യൻ പര്യടനം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ഏറ്റവും പുതിയ ആക്രമണങ്ങൾ.

‘അർധരാത്രി മുതൽ ഞങ്ങൾക്ക് 58 രക്തസാക്ഷികളെ ലഭിച്ചു. അതേസമയം, നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നുണ്ട്. ആശുപത്രിക്കുള്ളിലെ സ്ഥിതി വളരെ മോശമാണ്’ -വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടർ മർവാൻ അൽ സുൽത്താൻ പറഞ്ഞു.

അതിനിടെ, ഇസ്രായേൽ പുതിയ കരയാക്രമണവുമായി മുന്നോട്ട് പോകാൻ തുടങ്ങിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗസ്സ മുനമ്പിൽ സൈനിക നടപടികൾ വിപുലീകരിക്കുന്നതിനും ഫലസ്തീൻ പ്രദേശങ്ങളിൽ ‘പ്രവർത്തന നിയന്ത്രണം’ നേടുന്നതിനുമുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായും വിപുലമായ ആക്രമണങ്ങൾ നടത്തുകയും സൈനികരെ അണിനിരത്തുകയും ചെയ്യുന്നതായി ശനിയാഴ്ച ഇസ്രായേൽ സൈന്യം അറിയിച്ചു.

അതിർത്തിയിൽ കവചിത സേനയെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള നീക്കം ഹമാസിനെ പരാജയപ്പെടുത്താനും ബന്ദികളെ തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ‘ഓപറേഷൻ ഗിഡിയൻസ് വാഗൺസ്’ എന്നതിന്റെ പ്രാരംഭ ഘട്ടമാണെന്ന് ഇസ്രായേൽ പറയുന്നു. ട്രംപ് പശ്ചിമേഷ്യൻ സന്ദർശനം അവസാനിപ്പിക്കുന്നതിനു മുമ്പ് പുതിയ സൈനിക നീക്കം ആരംഭിക്കില്ലെന്ന് ഈ മാസം ആദ്യം ഒരു ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

മെയ് 5ന് ബിന്യമിൻ നെതന്യാഹുവിന്റെ സുരക്ഷാ മന്ത്രിസഭ ഗസ്സ മുനമ്പ് മുഴുവനായി പിടിച്ചെടുക്കുകയും സഹായം നിയന്ത്രിക്കുകയും ചെയ്യുന്ന പദ്ധതികൾക്ക് അംഗീകാരം നൽകിയതോടെ ഹമാസിനെതിരെ വിപുലവും തീവ്രവുമായ ആക്രമണം നടത്താൻ ഇസ്രായേൽ പദ്ധതിയിടുന്നതായി പുറത്തുവന്നിരുന്നു.

അ​തേസമയം, വെടിനിർത്തൽ ചർച്ചകൾ പുനഃരാരംഭിക്കാനും ഗസ്സയിലെ ഉപരോധം അവസാനിപ്പിക്കാനും ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിച്ചുവരികയാണ്. 76 ദിവസം മുമ്പ് ഇസ്രായേൽ സഹായ വിതരണം തടഞ്ഞതിനെത്തുടർന്ന് ഗസ്സയിൽ കടുത്ത ക്ഷാമം ആസന്നമായിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


Tags:    
News Summary - More than 300 killed in 48 hours as Israel moves closer to full-scale Gaza invasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.