കാഠ്മണ്ഡു: ഗൾഫിലെ അമിത താപത്തിൽ 10,000ത്തോളം നേപ്പാളി കുടിയേറ്റ തൊഴിലാളികൾ മരിച്ചതായി നേപ്പാൾ സർക്കാർ. ആവശ്യത്തിന് ആഹാരവും വെള്ളവും ലഭിക്കാത്തതും പകൽ സമയത്ത് ദീർഘനേരം തൊഴിൽ ചെയ്യുന്നതുമാണ് മരണകാരണങ്ങൾ.
മലേഷ്യ, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് മരണം കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൃദയാഘാതമാണ് പ്രധാന കാരണമെന്ന് ഫോറിൻ എംപ്ലോയ്‌മെന്റ് ഓഫീസ് ഡയറക്ടർ ജനറൽ രാജൻ പ്രസാദ് ശ്രേഷ്ഠ പറഞ്ഞു. സ്വാഭാവിക മരണങ്ങളെന്ന് പറയുന്നുവെങ്കിലും ഇതെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം 900ത്തോളം നേപ്പാളി തൊഴിലാളികൾ പ്രതിവർഷം മരിക്കുന്നുണ്ട്. സൗദി അറേബ്യയിൽ 2008 ന് ശേഷം 2,938 തൊഴിലാളികളും മലേഷ്യയിൽ 3,533 പേരും മരിച്ചിട്ടുണ്ട്. ഇതിൽ ഹൃദ്രോഗം മൂലം മരിച്ചവർ 2,123 പേരാണ്. സ്വാഭാവിക മരണമായി കണക്കാക്കുന്നവ 1,878ഉം.
തൊഴിലിനായി നേപ്പാളികൾ ഏറ്റവും കൂടുതൽ കുടിയേറുന്നത് ഗൾഫ് രാജ്യങ്ങളിലേക്കാണ്. പ്രതിവർഷം അഞ്ച് ലക്ഷത്തോളം തൊഴിലാളികളാണ് വിദേശത്തേക്ക് പോകുന്നത്. നിലവിൽ നാല് ലക്ഷം തൊഴിലാളികൾ സൗദി അറേബ്യയിലും മൂന്ന് ലക്ഷം ഖത്തറിലും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.