ന്യൂയോർക്ക്: ഫലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയതിന് ഇന്ത്യന്‍ വംശജയായ വിദ്യാർഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി യു.എസിലെ പ്രശസ്ത സർവകലാശാലയായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി). മേഘ വെമുരി എന്ന വിദ്യാർഥിയെയാണ് വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ നിന്ന് വിലക്കിയത്. ഇവരുടെ കുടുംബത്തെയും ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി.
വ്യാഴാഴ്ച കാമ്പസിൽ നടന്ന ഒരു പരിപാടിയിൽ മേഘ ഫലസ്തീൻ ഐക്യദാർഢ്യ പ്രസംഗം നടത്തിയിരുന്നു. കഫിയ ധരിച്ചെത്തിയാണ് മേഘ ഫലസ്തീനിലെ ഇസ്രായേൽ ക്രൂരതക്കെതിരെ പ്രതിഷേധിച്ചത്. ഗസ്സയിൽ കൂട്ടക്കൊല നടത്തുന്ന ഇസ്രായേൽ സൈന്യവുമായി മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് ഗവേഷണ ബന്ധമുള്ളത് മേഘ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗസ്സയിൽ നരഹത്യ നടത്താൻ ഇസ്രായേൽ സൈന്യത്തിന് സഹായം നൽകുന്നത് നമ്മുടെ രാജ്യം മാത്രമല്ല, നമ്മുടെ സ്ഥാപനം കൂടിയാണ്. ഫലസ്തീൻ ജനതയെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത്. എം.ഐ.ടി അതിൽ ഭാഗമാകുന്നത് അങ്ങേയറ്റം അപമാനകരമാണ് -മേഘ പറഞ്ഞു.
ഇതിന് പിന്നാലെയാണ് സർവകലാശാല മേഘയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കിയത്. ബിരുദദാന ചടങ്ങിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പദ്ധതിയിടുന്നുവെന്നാണ് മേഘക്കെതിരെ ആരോപിച്ചത്. വിദ്യാർഥികളെ മേഘ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിക്കുമ്പോൾ തന്നെ ബിരുദദാന ചടങ്ങിൽ പ്രതിഷേധിക്കാനും സർവകലാശാലയുടെ സൽപേര് കളങ്കപ്പെടുത്താനുമുള്ള നീക്കം അനുവദിക്കില്ലെന്നുമാണ് അധികൃതർ അറിയിച്ചത്.
ഇന്ത്യൻ വംശജയായ മേഘ ജനിച്ചതും വളർന്നതുമെല്ലാം യു.എസിലെ ജോർജിയയിലാണ്. എം.ഐ.ടിയിൽ നിന്ന് ട്രിപ്പിൾ മേജറിൽ ബിരുദം പൂർത്തിയാക്കിയ മേഘ ഗ്രാജ്വേറ്റ് ക്ലാസ് പ്രസിഡന്‍റ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.