ഇസ്രായേലിനെതിരെ മിസൈൽ വർഷം; ഇസ്രായേൽ -ഇറാൻ യുദ്ധത്തിന് ഹൂതികളും

തെഹ്‌റാൻ: ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക പോരാട്ടം അതിരൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് യമനിലെ ഹൂതി വിമതരും ഔദ്യോഗികമായി യുദ്ധത്തിൽ പങ്കുചേർന്നു. ശനിയാഴ്ച പുലർച്ചെ തെക്കൻ ഇസ്രായേലിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെയും ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ മിസൈൽ ആക്രമണം. ഇറാൻ-ഇസ്രായേൽ നേരിട്ടുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഹൂതികൾ ഇത്തരമൊരു നീക്കം നടത്തുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെയും റെസിസ്റ്റൻസ് ഫ്രണ്ടിനെതിരെയുള്ള അധിനിവേശം അവസാനിപ്പിക്കുന്നത് വരെയും ആക്രമണം തുടരുമെന്ന് ഹൂതി വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരീ പ്രസ്താവനയിൽ വ്യക്തമാക്കി. ഒരു മിസൈൽ തടഞ്ഞതായും ആളപായമില്ലെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.

ഹൂതികളുടെ ഇടപെടൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. ചെങ്കടലിലെ ബാബ് അൽ-മന്ദബ് കടലിടുക്ക് ഉപരോധിക്കുന്നത് തങ്ങളുടെ പരിഗണനയിലുണ്ടെന്ന് ഹൂതി ഡെപ്യൂട്ടി ഇൻഫർമേഷൻ മന്ത്രി മുഹമ്മദ് മൻസൂർ വ്യക്തമാക്കിയതോടെ ആഗോള ചരക്ക് നീക്കം പ്രതിസന്ധിയിലാകാൻ സാധ്യതയേറി. ഇസ്രായേലിന്റെ ഇറക്കുമതിയുടെ 30 ശതമാനവും കടന്നുപോകുന്ന ഈ ജലപാത തടസ്സപ്പെട്ടാൽ അത് ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകും.

ഇറാന്റെയും ഹിസ്ബുല്ലയുടെയും ആക്രമണങ്ങൾക്കൊപ്പം യമനിൽ നിന്ന് പുതിയൊരു യുദ്ധമുഖം കൂടി തുറക്കുന്നത് അമേരിക്കൻ നാവികസേനയുടെ നീക്കങ്ങളെയും വെല്ലുവിളിക്കുന്നുണ്ട്. നിലവിൽ അറ്റകുറ്റപ്പണികൾക്കായി ക്രീറ്റിലുള്ള അമേരിക്കയുടെ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പൽ വീണ്ടും ചെങ്കടലിലേക്ക് വിന്യസിക്കുന്നത് ഹൂതികളുടെ ആക്രമണ ഭീഷണി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഹൂതികളുടെ ആക്രമണത്തിന് ഇസ്രായേൽ ശക്തമായ പ്രത്യാക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Missile Year Against Israel; Houthis Also Ready for Israel-Iran War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.