റെബേക്ക ക്രോഫോർഡ് ആശുപത്രിക്കിടക്കയിൽ
കോൺവാൾ (യു.കെ): ചികിത്സിച്ച ഡോക്ടർമാർക്ക് വരെ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, റെബേക്ക ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന്. കുന്നിൻചെരുവിലൂടെ നടക്കവേ കാൽതെറ്റി 60 അടി താഴെയുള്ള പാറക്കൂട്ടങ്ങളിലേക്ക് തലയിടിച്ചു വീണ റെബേക്ക ക്രോഫോർഡ് എന്ന 37 കാരിയാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. 'ഇത്ര ഉയരത്തിൽനിന്ന് തലയിടിച്ച് വീണ ഒരാൾ ജീവനോടെ ബാക്കിയാകുന്നത് ഇതാദ്യമാണ്' -അവളെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ജൂണിൽ കോൺവാളിലെ ലാമോർണ അഴിമുഖത്തെ തീരത്തുകൂടി കുടുംബത്തോടൊപ്പം നടക്കവേയാണ് റെബേക്ക വീണത്. ബന്ധുക്കൾ ഉടൻ 999 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിച്ചു. കോസ്റ്റ്ഗാർഡും കോൺവാൾ എയർ ആംബുലൻസും നിമിഷങ്ങൾക്കകം പറന്നെത്തി റെബേക്കെയ ആശുപത്രിയിലെത്തിച്ചു.
''56 അടി താഴേക്കാണ് വീണതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. വലിയ ശബ്ദത്തോടെ എന്‍റെ തല പാറയിൽ ഇടിച്ചു. കടുത്ത വേദനയായിരുന്നു. ജീവതത്തിൽ ഇതുപോലൊന്ന് അനുഭവിച്ചിട്ടില്ല. ശരീരമാസകലം നുറുങ്ങുന്ന വേദന. വീഴ്ചയെ കുറിച്ച് ഓർക്കാൻ തന്നെ പേടിയാകുന്നു. ഞാൻ മരിച്ചെന്നു കരുതി എന്‍റെ ബന്ധുക്കൾ നിലവിളിക്കുന്നുണ്ടായിരുന്നു" -ഭയാനകമായ അനുഭവത്തെക്കുറിച്ച് റെബേക്ക ഓർത്തെടുത്തു.
'സിനിമകളിലൊക്കെ കാണുന്നതുപോലെയായിരുന്നു റെബേക്ക വീണത്. ശരീരം പറന്നുപോകുന്നതുപോലെ അവൾ വീണു. വീഴ്ചയിൽ പാറകളിലൊക്കെ തട്ടിത്തെറിച്ചു. താഴേക്ക് നോക്കി "ദൈവമേ, എന്‍റെ സഹോദരി മരിച്ചു" എന്ന് നിലവിളിക്കുകയായിരുനു ഞാൻ' -സംഭവ ദിവസം റെബേക്കയോടൊപ്പം ഉണ്ടായിരുന്ന സഹോദരി ഡെബ്സ് പറഞ്ഞു.
തക്കസമയത്ത് കോസ്റ്റ്ഗാർഡ് എത്തി റെബേക്കയെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. തലയുടെ പുറംഭാഗത്ത് കാര്യമായ പരിക്കേറ്റെങ്കിലും ഉള്ളിൽ രക്തസ്രാവമില്ലെന്ന് സിടി സ്കാൻ പരിശോധനയിൽ കണ്ടെത്തി. നട്ടെല്ലിന് ചെറിയ ക്ഷതമുണ്ടായിരുന്നെങ്കിലും ശസ്ത്രക്രിയ ആവശ്യമില്ലായിരുന്നു. അഞ്ച് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ശേഷം ഡിസ്ചാർജായ റെബേക്ക, സംഭവിച്ചതൊക്കെ ഒരു ദുഃസ്വപ്നം പോലെ കരുതുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.