ലണ്ടൻ: തന്റെയും ബ്രിട്ടനിലെ രാജകുടുംബത്തെയും കുറിച്ച് വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്റെ ഭാര്യയും മുൻ നടിയുമായ മേഗൻ മാർക്കിൾ. വിഷമയമായ ടാബ്ലോയ്ഡ് സംസ്കാരം രണ്ട് കുടുംബങ്ങളെ നശിപ്പിച്ചത് എങ്ങനെയെന്നും ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ കട്ട് എന്ന മാഗസിനു നൽകിയ അഭിമുഖത്തിൽ അവർ വിശദീകരിച്ചു.
ബ്രിട്ടീഷ് മാധ്യമങ്ങൾ കാരണമാണ് പിതാവിനെ നഷ്ടപ്പെട്ടതെന്ന് ഹാരി വിലപിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഈ പ്രക്രിയയിൽ എനിക്കെന്റെ അച്ഛനെ നഷ്ടമായി എന്നായിരുന്നു ഹാരി ഒരിക്കൽ പറഞ്ഞത്.
മേഗനും സ്വന്തം പിതാവ് തോമസ് മാർക്കിളും തമ്മിലുള്ള ബന്ധവും അത്ര സുഖകരമായിരുന്നില്ല. തന്നെ കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മേഗൻ തോമസിനയച്ച കത്ത് ചോർത്തി ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ട്രോളുകൾ സഹിക്ക വയ്യാതെയാണ് സമൂഹ മാധ്യമങ്ങൾ ഉപേക്ഷിക്കേണ്ടി വന്നത്. രാജകുടുംബം വിടാനും ചാൾസ് രാജകുമാരനും ഹാരി യും തമ്മിലുള്ള ബന്ധം തകരാനുമുണ്ടായ കാരണങ്ങളെ കുറിച്ചും മേഗൻ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ബ്രിട്ടീഷ് ടാബ്ലോയ്ഡുകളുടെ നിരന്തരമായുണ്ടായ വേട്ടയാടൽ തന്റെ മാനസികാവസ്ഥ തകർത്തു.
മാധ്യമങ്ങൾ വേട്ടയാടുന്നത് അവസാനിപ്പിക്കുമെന്ന് കരുതിയാണ് രാജകുടുംബം വിട്ട് സ്വന്തം അധ്വാനത്തിൽ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ജീവിക്കാമെന്ന് കരുതിയത്. അങ്ങനെയെങ്കിലും എല്ലാം അവസാനിക്കുമെന്ന് കരുതി. കുട്ടികളുടെ ഫോട്ടോ യു.കെ മാധ്യമങ്ങളുമായി പങ്കുവെക്കാത്തതിനെ കുറിച്ചും മേഗൻ വിശദീകരിക്കുകയുണ്ടായി. "എന്റെ കുട്ടിയെ സ്നേഹിക്കുന്ന ആളുകളുമായി പങ്കിടുന്നതിന് മുമ്പ് എന്റെ കുട്ടികളെ എൻ-വേഡ് എന്ന് വിളിക്കുന്ന ആളുകൾക്ക് ഞാൻ എന്തിനാണ് എന്റെ കുട്ടിയുടെ ഫോട്ടോ നൽകുന്നത്? "-മേഗൻ ചോദിച്ചു.2020 ജനുവരിയിലാണ് മേഗനും ഹാരിയും രാജകുടുംബത്തിലെ പദവികൾ ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.