പാകിസ്താനിലും പാറ്റകൾ; കോക്ക്റോച്ച് പാർട്ടി പാകിസ്ഥാൻ വൻ ഹിറ്റാവുന്നു

ഇസ്ലാമാബാദ്: ഇന്ത്യയിൽ സോഷ്യൽ മീഡിയയിൽ പിറവികൊണ്ട കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മോദി ഭരണകൂടത്തെ മുട്ടുകുത്തിച്ചതോടെ പാകിസ്താനിലും പാറ്റകൾ. കോക്രോച്ച് പാർട്ടി പാകിസ്താൻ (സി.പി.പി) എന്നറിയപ്പെടുന്ന  പ്ലാറ്റ്ഫോം സമൂഹമാധ്യമങ്ങളിൽ വേരുറപ്പിച്ചു കഴിഞ്ഞു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വിശേഷാവകാശ രാഷ്ട്രീയത്തിനുമെതിരെയുള്ള യുവജനങ്ങളുടെ ശബ്ദമായാണ് ഇത് സ്വയം വിശേഷിപ്പിക്കുന്നത്. ന്യൂയോർക്കിലെ ഒരു വിദ്യാർഥിയായ സൽമാൻ തരാറാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. ഇൻസ്റ്റാഗ്രാം പ്രകാരം ഈ അക്കൗണ്ട് നിർമ്മിച്ചത് മെയ് മാസത്തിലാണ്.സി.ജെ.പി ഡൽഹിയിൽ നയിച്ച വിദ്യാർഥി പ്രതിഷേധവും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിരുന്നു.

ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ 'പാകിസ്താൻ ജനങ്ങളുടേതാണ്, അഴിമതിക്കാരായ മാഫിയകളുടേതല്ല' എന്ന മുദ്രാവാക്യവും സംഘടന പ്രചരിപ്പിക്കുന്നുണ്ട്. അക്കൗണ്ടിന് ഇതിനകം ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. പാകിസ്താൻ അഴിമതിക്കാരായ മാഫിയകൾക്കുള്ളതല്ല, മറിച്ച് അവിടുത്തെ ജനങ്ങൾക്കുള്ളതാണെന്നും, ഈ മുന്നേറ്റം പ്രത്യേകിച്ച് യുവജനങ്ങളുടെയും സാധാരണ പൗരന്മാരുടെയും ശബ്ദമാണെന്നും പാർട്ടി അവകാശപ്പെടുന്നു. രാജ്യത്ത് സാമ്പത്തിക - രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക, വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക, ഊർജപ്രതിസന്ധിക്കും ജലക്ഷാമത്തിനും പരിഹാരം കാണുക, സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കുക എന്നിവയാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ. 

ഈ കൂട്ടായ്മ സമൂഹമാധ്യമങ്ങളിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിൽ മാത്രം ഒതുങ്ങാതെ പാർട്ടി പദവികളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട്, സി.പി.പി സംഘടനാ ശൃംഖല വിപുലീകരിക്കാനുള്ള നീക്കം ശക്തമാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡിജിറ്റൽ പ്രചാരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമമാണ് 'കോക്രോച്ച് പാർട്ടി പാകിസ്താൻ' നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

സമൂഹമാധ്യമങ്ങളിലെ ദ്രുതഗതിയിലുള്ള ജനപ്രീതിക്കപ്പുറം, കോക്രോച്ച് പാർട്ടി പാകിസ്താന്‍റെ യഥാർഥ പിന്തുണ അടിത്തറയെക്കുറിച്ചും ഭാവിയിൽ അതൊരു ഔദ്യോഗിക രാഷ്ട്രീയ ശക്തിയായി മാറുമോ എന്നതിനെക്കുറിച്ചും വ്യക്തമായ ചിത്രം ലഭ്യമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.