മലേഷ്യയിലെ ബോർണിയോ ദ്വീപിലെ സബ സംസ്ഥാനത്തുണ്ടായ വൻ തീപിടിത്തത്തിൽ  കത്തിയമർന്ന ആയിരത്തോളം വീടുകൾ

മലേഷ്യയിൽ തീരദേശത്ത് വൻ തീപിടിത്തം; കത്തിയമർന്നത് ആയിരത്തോളം തൂൺവീടുകൾ -വിഡിയോ

സബ (മലേഷ്യ): മലേഷ്യയിലെ ബോർണിയോ ദ്വീപിലെ സബ സംസ്ഥാനത്തുണ്ടായ വൻ തീപിടിത്തത്തിൽ ആയിരത്തോളം വീടുകൾ പൂർണമായും കത്തിയമർന്നു. തീരദേശ ഗ്രാമമായ സന്ദാകനിലെ ജലാശയത്തിന് മുകളിൽ നിർമിച്ച ആയിരത്തോളം മരവീടുകളാണ് അഗ്നിക്കിരയായത്. ഏകദേശം ഒമ്പതിനായിരത്തോളം പേർ ഭവനരഹിതരായതായാണ് കണക്കുകൾ പറയുന്നത്. 10 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 1,000 താത്ക്കാലിക ഫ്ലോട്ടിങ് ഹോമുകൾ 100 ശതമാനവും കത്തിനശിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചയാണ് തീപിടിത്തമുണ്ടായത്. വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ലെന്നത് ആശ്വാസകരമാണ്. ശക്തമായ കാറ്റും വീടുകൾ തമ്മിലുള്ള അടുത്ത സാമീപ്യവും തീ അതിവേഗം പടരാൻ കാരണമായെന്ന് സന്ദാകൻ ഫയർ ആൻഡ് റെസ്ക്യൂ ചീഫ് ജിമ്മി ലഗൂങ് പറഞ്ഞു. കടലിൽ വേലിയേറ്റം കുറവായതിനാൽ വെള്ളം ലഭ്യമാക്കുന്നതിലുണ്ടായ പ്രായോഗിക തടസ്സങ്ങൾ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

പാവപ്പെട്ട തദ്ദേശവാസികളും പൗരത്വ രേഖകളില്ലാത്ത കുടിയേറ്റക്കാരും താമസിക്കുന്ന മേഖലയാണിത്. മരത്തൂണുകളിൽ നിർമിച്ച നൂറുകണക്കിന് വീടുകൾ മിനിറ്റുകൾക്കുള്ളിൽ ചാരമായി മാറി. ഇവർക്കായി താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

ദുരന്തബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നിർദേശം നൽകി. കേന്ദ്ര ഗവൺമെന്റ് സബ ഭരണകൂടവുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇരകളുടെ സുരക്ഷയ്ക്കും അടിയന്തര ആവശ്യങ്ങൾക്കുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസും സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സഹായപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ സന്ദാകൻ ജില്ല ഭരണകൂടം ഉറപ്പാക്കി.

Tags:    
News Summary - Massive fire breaks out on Malaysia's coast; around a thousand stilt houses burnt down - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.