ഖാൻ യൂനിസ്: ഗസ്സ യുദ്ധക്കളമായിട്ട് നാളുകളേറെയായി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപാലത്തിലൂടെ നടന്നു നീങ്ങുന്ന ആ മനുഷ്യർക്ക് അതിനിടയിൽ സന്തോഷിക്കാൻ പോയിട്ട് വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ല. അതിനിടയിലാണ് പ്രതീക്ഷയുടെ തിരിവെട്ടമായി ഒരു സംഭവം വരുന്നത്.
യുദ്ധം തകർത്ത തെക്കൻ ഗസ്സയിൽ ഇക്കഴിഞ്ഞ ദിവസം വിവാഹചടങ്ങിൽ പങ്കെടുക്കാൻ ഫലസ്തീനികൾ ഒത്തുകൂടി. 50ലേറെ ദമ്പതികളായിരുന്നു അവിടെ വെച്ച് പുതുജീവിതത്തിലേക്ക് കടന്നത്. ഫലസ്തീനികളുടെ സംസ്കാരത്തിന്റെ പ്രധാന ഭാഗമാണ് വിവാഹങ്ങൾ. യുദ്ധകാലത്ത് ഗസ്സയിൽ അപൂർവമായി മാറി വിവാഹങ്ങൾ. പേരിനാണെങ്കിലും ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇവിടെ വിവാഹ ചടങ്ങുകൾ നടന്നത്. ഡിസംബർ രണ്ടിന് ഗസ്സ മുനമ്പിലെ ഖാൻ യൂനിസിലെ ഹമദ് സിറ്റിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ കൈകോർത്ത് പിടിച്ച് ദമ്പതികൾ നടന്നു. എല്ലാവരുടെയും വേഷവിധാനങ്ങൾ ഒരുപോലെയായിരുന്നു. 'എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ പുതിയ ജീവിതം തുടങ്ങാൻ പോവുകയാണ്. അതാണ് ദൈവഹിതം'-വൻമാരിലൊരാളായ ഹിക്മത് ലവ്വ പറഞ്ഞു.
ദൈവം അനുവദിച്ചാൽ യുദ്ധത്തിന്റെ അവസാനമായിരിക്കും ഇത്. യുദ്ധം മുലം ഗസ്സയിൽ നിന്ന് കുടിയിറക്കപ്പെട്ടരാണ് ഞങ്ങൾ. ലോകത്തിലെ മറ്റെല്ലാവരെയും പോലെ ഞങ്ങളും സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നു. കയറിക്കിടക്കാൻ ഒരു വീട്, ജോലി എന്നിവയെല്ലാം സ്വപ്നം കണ്ടിരുന്നു. ഇപ്പോൾ ഇവിടെ താമസിക്കാൻ ഒരിടം കണ്ടെത്തുക എന്നതാണ് വലിയ സ്വപ്നം-ഹിക്മത് തുടർന്നു.
ഈ ദുരിതങ്ങൾക്കിടയിൽ വിവാഹം ചെറിയ ആശ്വാസമാണെന്ന് വധുവായി അണിഞ്ഞൊരുങ്ങിയ എമാൻ പറഞ്ഞു. യുദ്ധത്തിൽ മാതാപിതാക്കളടക്കം കുടുംബത്തിലെ ഒരുപാട് പേരെ എമാന് നഷ്ടമായി. ഇത്രയുംവലിയ ദുഃഖം അനുഭവിച്ചയാൾക്ക് പിന്നീട് സന്തോഷം അനുഭവിക്കുക ഏറെ പ്രയാസമാണ്. ദൈവം അനുവദിക്കുകയാണെങ്കിൽ ഞങ്ങൾ വീടുകൾ കെട്ടിപ്പടുക്കുമെന്നും കണ്ണീരോടെ എമാൻ പറഞ്ഞു. യു.എ.ഇയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന അൽഫാരെസ് അൽ ഷാഹിമാണ് ആഘോഷത്തിന് ധനസഹായം നൽകിയത്. ദമ്പതികൾക്ക് പുതുജീവിതം തുടങ്ങാനായി ചെറിയ തുകയും മറ്റ് സാധനങ്ങളും സംഘടന നൽകി. ഒരുപാട് പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.