ഇറാന് ആണവായുധം നൽകാൻ തയാറുള്ള രാജ്യങ്ങളുണ്ട് -റഷ്യ; ഇറാൻ വിദേശമന്ത്രി ഇന്ന് റഷ്യയിൽ പുടിനെ സന്ദർശിക്കും

വാഷിങ്ടൺ: ഇറാന്റെ ആണവകേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണെന്നും ലോക, മേഖലാ സുരക്ഷയെ ബാധിക്കുന്ന നീക്കം ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും റഷ്യ അഭിപ്രായപ്പെട്ടു. യു.എസ് ആക്രമണത്തിനുപിന്നാലെ ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഖ്ജി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ സന്ദർശിക്കാൻ പുറപ്പെട്ടിട്ടുണ്ട്.

ഇറാന് നേരിട്ട് ആണവായുധം നൽകാൻ തയാറുള്ള ഒന്നിലേറെ രാജ്യങ്ങളുണ്ടെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‍വദേവ് പറഞ്ഞു. രാജ്യങ്ങളുടെ പേര് വ്യക്തമാക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സമൂഹ മാധ്യമത്തിലെ പ്രതികരണം. മറ്റൊരു പ്രസ്താവനയിൽ അദ്ദേഹം അമേരിക്കയെ നിശിതമായി വിമർശിച്ചു. അമേരിക്ക ഒരു പുതിയ ഏറ്റുമുട്ടലിന് തുടക്കംകുറിച്ചിരിക്കുന്നു. സമാധാനമുണ്ടാക്കുന്ന, സമാധാന നൊബേലിന് ശ്രമിക്കുന്ന പ്രസിഡന്റാണ് ആക്രമണത്തിന് ഉത്തരവിട്ടത്. സൈനിക ലക്ഷ്യം നേടുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുന്നു. ആണവ കേന്ദ്രത്തിന് ചെറിയ കേടുപാടുകളേ സംഭവിച്ചിട്ടുള്ളൂ. യുറേനിയം സമ്പുഷ്ടീകരണം തുടരാൻ കഴിയും. രാഷ്ട്രീയമായും ഇറാൻ ശക്തിയാർജിച്ചു. നേരത്തേ വിമർശിച്ചിരുന്നവർ വരെ രാഷ്ട്ര നേതൃത്വത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലി നടത്തുന്നതാണ് കാണുന്നത്’’ -മെദ്‍വദേവ് പറഞ്ഞു.

അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായി ഇല്ലാതാക്കിയെന്നാണ് ഓപറേഷൻ മിഡ്നൈറ്റ് ഹാമറിന് ശേഷം ഡോണാൾഡ് ട്രംപ് പ്രതികരിച്ചത്. ‘ഇത് അമേരിക്കക്കും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷമാണ്. ഇനി യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ തയാറാവണം’ -ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെ സിറ്റ്വേഷൻ റൂമിലിരുന്ന് ട്രംപ് നേരിട്ടാണ് ആക്രമണം നിയന്ത്രിച്ചത്. ആക്രമണത്തിന് തങ്ങളുദ്ദേശിച്ച ഫലമുണ്ടായതായി യു.എസ് വിദേശകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. അമേരിക്കയുടെ ഇറാൻ ആക്രമണത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രകീർത്തിച്ചു. ‘ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാനുള്ള യു.എസിന്റെ തീരുമാനം ചരിത്രം മാറ്റിമറിക്കും’ -നെതന്യാഹു പറഞ്ഞു.

ഇസ്രായേലിന്റെ ആക്രമണത്തിനുപിന്നിൽ അമേരിക്കയാണെന്ന് ഇപ്പോഴത്തെ ആക്രമണങ്ങൾ തെളിയിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയൻ പറഞ്ഞു. ഇസ്രായേലിന്റെ കഴിവില്ലായ്മ തിരിച്ചറിഞ്ഞാണ് അമേരിക്ക യുദ്ധത്തിൽ പങ്കുചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക നയതന്ത്രത്തെ വഞ്ചിച്ചിരിക്കുകയാണെന്നും ഇറാനുമായി അപകടകരമായ യുദ്ധത്തിനാണ് അവർ തുടക്കം കുറിച്ചിരിക്കുന്നതെന്നും ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഖ്ജി പ്രതികരിച്ചു.

അമേരിക്കയുടേത് അപകടകരമായ ആക്രമണമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ‘ഈ സംഘർഷം നിയന്ത്രണാതീതമാവുകയാണ്. മേഖലയിലെയും ലോകത്തെയും ജനങ്ങൾക്ക് ഏറെ പ്രയാസകരമായ സാഹചര്യമാണിത്’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ വിദേശകാര്യ മന്ത്രി ഇന്ന് റഷ്യയിലേക്ക്

തെഹ്റാൻ: ആണവകേന്ദ്രങ്ങൾക്കു നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി തിങ്കളാഴ്ച റഷ്യ സന്ദർശിക്കും. പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിക്കും. റഷ്യ തങ്ങളുടെ വിശ്വസ്ത സുഹൃത്താണെന്നും അവരുമായി എപ്പോഴും കൂടിയാലോചിക്കാറുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഞായറാഴ്ച പ്രതികരിച്ചു. തുർക്കിയയിലെ ഇസ്തംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ ഉച്ചകോടിക്ക് അനുബന്ധമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എസ് ആക്രമണത്തെ റഷ്യ അപലപിച്ചു. ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത് നിരുത്തരവാദപരമായ പ്രവർത്തനവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും രക്ഷാസമിതി പ്രമേയങ്ങളുടെയും ലംഘനവുമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ‘‘ഒരു പരമാധികാര രാഷ്ട്രത്തെ ആക്രമിക്കുന്നത് എന്ത് ന്യായം പറഞ്ഞാലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം ഇടപെടലുകൾ അംഗീകരിക്കാനാവില്ല. ആണവ നിർവ്യാപന കരാറിന്റെയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പരിശോധന സംവിധാനങ്ങളുടെയും വിശ്വാസ്യത തകർക്കുന്ന നടപടിയാണിത്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയും യു.എൻ രക്ഷാസമിതിയും വിഷയത്തിൽ പ്രതികരിക്കണം’’ -റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Tags:    
News Summary - Many Nations Ready To Supply Iran With Their Nuclear Warheads: Top Putin Aide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.