ലണ്ടൻ: ഇസ്രായേൽ ആക്രമണത്തിൽ പതിനായിരങ്ങൾ കൊല്ലപ്പെടുകയും കടുത്ത മാനുഷികദുരന്തം നേരിടുകയും ചെയ്യുന്ന ഗസ്സക്ക് ഐക്യദാർഢ്യവുമായി മാഞ്ചസ്റ്റർ സിറ്റി ഫുട്ബാൾ ക്ലബ് പരിശീലകൻ പെപ് ഗ്വാർഡിയോള. ഗസ്സയിലെ കാഴ്ചകൾ അങ്ങേയറ്റം വേദന നിറഞ്ഞതാണെന്നും ലോകം മൗനം തുടരരുതെന്നും ഗ്വാർഡിയോള പറഞ്ഞു. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ഓണററി ബിരുദം സ്വീകരിച്ച ശേഷം പ്രസംഗിക്കവേയാണ് അദ്ദേഹം ഗസ്സക്ക് വേണ്ടി ശക്തമായി ശബ്ദമുയർത്തിയത്.
'ഗസ്സയിൽ നമ്മൾ കാണുന്ന കാഴ്ചകൾ അങ്ങേയറ്റം വേദന നിറഞ്ഞതാണ്. അത് എന്നെയാകെ വേദനിപ്പിക്കുന്നുണ്ട്. ഞാൻ ഒരു കാര്യം വ്യക്തമാക്കട്ടെ -ഇത് ആശയധാരകളുടെ വിഷയമല്ല. ഞാൻ ശരിയാണെന്നോ നീ തെറ്റാണെന്നോ ഉള്ള വാദങ്ങളുടെ കാര്യമല്ല. ഇത് ജീവിതത്തോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമാണ്. നിങ്ങളുടെ അയൽക്കാരോടുള്ള കരുതലിനെ കുറിച്ചാണ്. നാലുവയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ ബോംബിനാൽ കൊല്ലപ്പെടുന്നത് നമ്മൾ കാണുകയാണ്. ആശുപത്രി എന്ന് വിളിക്കാൻ പോലും പറ്റാത്ത ആശുപത്രികളിൽ കൊല്ലപ്പെടുകയാണ്. എന്നാൽ, അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ലെന്ന് നമ്മൾ കരുതുന്നു. ആവട്ടെ, നമുക്ക് അങ്ങനെ കരുതാം. അത് നമ്മുടെ കാര്യമല്ലെന്ന് കരുതാം. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. അടുത്തത് നമ്മളായിരിക്കാം. അടുത്തതായി കൊല്ലപ്പെടുന്ന നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞുങ്ങൾ നമ്മുടേതായിരിക്കാം. ഗസ്സയിലെ ഈ ദുസ്വപ്നം ആരംഭിച്ചതു മുതൽ എല്ലാദിവസവും രാവിലെ ഞാൻ എന്‍റെ കുഞ്ഞുങ്ങളായ മരിയയെയും മാരിയസിനെയും വലന്‍റീനയെയും കാണുകയാണ്. ഞാൻ അങ്ങേയറ്റം ഭയപ്പെടുകയാണ്.
നമ്മൾ ഇപ്പോൾ കഴിയുന്നിടത്ത് നിന്ന് വളരെ അകലെയാണല്ലോ ഇതെല്ലാം സംഭവിക്കുന്നതെന്ന് നാം കരുതിയേക്കാം. നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ ചോദിച്ചേക്കാം. എനിക്ക് ഓർമയുള്ള ഒരു കഥ പറയാം. ഒരു കാട്ടിൽ തീ പടരുകയാണ്. എല്ലാ മൃഗങ്ങളും ഭയന്ന് നിൽക്കുകയാണ്. എന്നാൽ, ഒരു ചെറിയ പക്ഷി കടലിലേക്ക് നിരന്തരം പറന്ന് തന്‍റെ കൊക്കിൽ ഇത്തിരി വെള്ളവുമായി തിരികെ വന്ന് തീയിലേക്ക് വിതറുകയാണ്. ഒരു പാമ്പ് ഇത് കണ്ട് ചിരിച്ചുകൊണ്ട് ചോദിച്ചു, 'പക്ഷീ, നിന്നെക്കൊണ്ട് ഒരിക്കലും ഈ തീയണക്കാൻ കഴിയില്ല'. പക്ഷി മറുപടി നൽകി -'എനിക്കറിയാം എന്നെക്കൊണ്ട് കഴിയില്ലെന്ന്'. പിന്നെ നീ എന്തിനാണ് ഇത് തന്നെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പാമ്പ് ചോദിച്ചു. 'ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യുകയാണ്' -പക്ഷി അവസാനമായി പറഞ്ഞു. പക്ഷിക്കറിയാം ആ കാട്ടുതീ തന്നെക്കൊണ്ട് അണക്കാൻ കഴിയില്ലെന്ന്. പക്ഷേ ഒന്നും ചെയ്യാതെയിരിക്കാൻ പക്ഷി തയാറല്ല.
ഒരു മാറ്റം ഉണ്ടാക്കാൻ നമ്മളോരോരുത്തരും തീരെ ചെറുതാണെന്ന് നമ്മളോട് പറയുന്ന ഈ ലോകത്ത് ഈ കഥ എന്നെ ഓർമിപ്പിക്കുന്നത് ഒരാളുടെ ശക്തിയെ കുറിച്ചല്ല. അത് ചെയ്യാനുള്ള തീരുമാനത്തെ കുറിച്ചാണ്. അത് പ്രകടിപ്പിക്കുന്നതിനെ കുറിച്ചും ഏറ്റവും ആവശ്യമായി വരുന്ന ഒരു സമയത്ത് നിശബ്ദരായി ഇരിക്കരുതെന്നതിനെ കുറിച്ചുമാണ്' -ഗ്വാർഡിയോള പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 2023 ഒക്ടോബർ ഏഴിന് ശേഷം 54,927 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. മാർച്ച് 18ന് വെടിനിർത്തൽ ലംഘിച്ചതിന് ശേഷം കൊല്ലപ്പെട്ടത് 4649 േപരാണ്. ഇന്നലെ മാത്രം കൊലപ്പെടുത്തിയത് 60 പേരെയാണ്. പടിഞ്ഞാറൻ റഫയിൽ സഹായ കേന്ദ്രത്തിന് നേരെയും ഇസ്രായേൽ വെടിവെപ്പ് നടത്തി. ഗസ്സ സിറ്റിയിൽ ഒരു മാധ്യമപ്രവർത്തകനെയും മൂന്ന് ആരോഗ്യപ്രവർത്തകരെയും ഇസ്രായേൽ കൊലപ്പെടുത്തി.
അതേസമയം, ഗസ്സയിലേക്കുള്ള യാത്രക്കിടെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത മെഡ്ലീൻ കപ്പലിലെ യാത്രക്കാരായ ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഏതാനും പേരെ ഉടൻ തന്നെ തിരിച്ചയക്കും. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് അടക്കമുള്ള 12 ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ സൈന്യം കപ്പൽ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തത്.
കടൽ ഉപരോധം ലംഘിക്കരുതെന്ന മുന്നറിയിപ്പിന് പിന്നാലെ തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് ഇസ്രായേൽ നാവിക സേനയും അതിർത്തി സുരക്ഷസേനയും മെഡ്ലീൻ കപ്പൽ പിടിച്ചെടുത്തത്. കപ്പൽ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്തേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.