റഷ്യയിൽ ജനനനിരക്കിൽ വലിയ ഇടിവ്: കോവിഡ് മൂലമെന്ന് പഠനം

2021ൽ റഷ്യയുടെ ജനസംഖ്യയിൽ ഒരു ദശലക്ഷത്തോളം കുറവ്. സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ റോസാറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനസംഖ്യ നിരക്കാണിത്. കഴിഞ്ഞ വർഷം അര ദശലക്ഷമായിരുന്നു ജനസംഖ്യയിലെ കുറവ്.

കോവിഡ് വ്യാപനമാണ് ജനസംഖ്യയിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്താൻ കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 660,000ത്തിലധികം പേരാണ് രോ​ഗം ബാധിച്ച് മരണപ്പെട്ടത്. ഔദ്യോ​ഗിക വൃത്തങ്ങൾ പുറത്തുവിട്ട കണക്കുകളേക്കാൾ കൂടുതലാണ് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണമെന്ന് റോസാറ്റ് പറഞ്ഞു. പോസ്റ്റുമാർട്ടത്തിന് ശേഷം മരണത്തിന്റെ പ്രഥമ കാരണം കോവിഡ് വൈറസാണ് എന്ന് സ്ഥിരീകരിക്കുന്ന മരണങ്ങൾ മാത്രമാണ് സർക്കാർ വെബ്സൈറ്റുകളിലൂടെ ലഭ്യമാകുന്നത്. 3,29,443 മരണങ്ങളാണ് ഇപ്രകാരം ലഭ്യമായിട്ടുള്ളത്.

ലോകത്തിൽ മഹമാരി മൂലം ഏറ്റവുമധികം തകർന്ന രാജ്യങ്ങളിലൊന്നായിട്ടും കോവിഡിന്റെ തീവ്രത കുറച്ചുകാണിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് രാജ്യത്തിന്റെ പലഭാ​ഗത്തുനിന്നുമുള്ള വിമർശനങ്ങൾ ഉയരുകയാണ്. പ്രതിരോധ കുത്തിവെപ്പ് കൃത്യമായി നടപ്പിലാക്കാത്തതും, പൊതു സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരാനുള്ള കാരണം.

താഴ്ന്ന ജനനനിരക്കും, കുറഞ്ഞ ആയുർദൈർഘ്യ നിരക്കും കഴിഞ്ഞ 30 വർഷമായി റഷ്യ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം ഏകദേശം 1.5 ആണ്. ഇത് രാജ്യത്തിന്റെ ജനസംഖ്യാ നിരക്ക് സന്തുലിതമാക്കാൻ ആവശ്യമായ 2.1ന് താഴെയാണ്. ജനസംഖ്യാ പ്രതിസന്ധി സംസ്ഥാനത്തിന്റെ നയങ്ങളുടെ പരാജയമാണെന്ന് മോസ്കോ ആസ്ഥാനമായുള്ള ഹയർ സ്കൂൾ ഓഫ് എക്കണോമിക്സിലെ ജനസംഖ്യാശാസ്ത്ര വിദഗ്ധൻ സെർജി സഖറോവ് പറഞ്ഞു.

ആവർത്തിച്ചുള്ള പാശ്ചാത്യ ഉപരോധം, എണ്ണ, വാതക മേഖലയെ ആശ്രയിക്കൽ, വ്യാപകമായ അഴിമതി എന്നിവ കാരണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിരോധത്തിലാണ്. ഇത് 2014 മുതൽ റഷ്യയുടെ ജീവിത നിലവാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. 43 ശതാനത്തോളം റഷ്യക്കാർക്കാണ് സമ്പാദ്യമൊന്നുമില്ലാത്തതെന്ന് റിക്രൂട്ട്മെന്റ് വെബ്സൈറ്റായ സൂപ്പർജോബിന്റെ സർവ്വേ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ രാജ്യത്തെ ജനസംഖ്യയിൽ ക്രമാതീതമായ ഇടിവിന് കാരണമെന്നാണ് നി​ഗമനം.

Tags:    
News Summary - Low birth rate, Covid pandemic exacerbates historic population fall in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.