വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്ക് പിന്തുണ നൽകുന്ന മൈക്രോ സോഫ്റ്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന സോഫ്റ്റ്വെയർ എഞ്ചിനീയറുടെ രാജി.
13 വർഷമായി മൈക്രോസോഫ്റ്റിലെ പ്രിൻസിപ്പൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി പ്രവർത്തിക്കുന്ന സ്കോട്ട് സറ്റ്ഫിൻ ഗ്ലോവ്സ്കിയാണ് ഗസ്സ വംശഹത്യക്ക് പിന്തുണ നൽകുന്ന കമ്പനിയുടെ നിലപാടിൽ പ്രതിഷേധിച്ച് ആയിരത്തോളം സഹപ്രവർത്തകർക്ക് മെയിൽ ചെയ്തുകൊണ്ട് രാജിവെച്ചത്. ഇസ്രായേൽ സൈന്യത്തിന് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾ തുടരുന്നത് സ്വീകര്യമല്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു ഇയാളുടെ രാജി.
‘ഏറ്റവും ക്രൂരമായ നടപടികൾ സാധ്യമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സറ്റ്ഫിൻ സഹപ്രവർത്തകർക്ക് എഴുതി. ഇസ്രയേൽ സൈന്യത്തിന് സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിൽ തുടരുന്ന ആഭ്യന്തര പ്രശ്നങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഈ രാജി.
ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ കമ്പനി നിലപാടിൽ പ്രതിഷേധിച്ച അഞ്ചു ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ പ്രസിഡന്റ് ബ്രാഡ് സ്മിത്തിന്റെ ഓഫീസിലും ജീവനക്കാർ പ്രതിഷേധം അറിയിച്ചിരുന്നു.
ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളും ഫോൺ വിളികൾ ട്രാക്ക് ചെയ്യാനായി ഇസ്രായേൽ ഇന്റലിജൻസ് യൂണിറ്റ് അസൂർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുവെന്ന ‘ദി ഗാർഡിയൻ’ റിപ്പോർട്ടിനു പിന്നാലെ ഐ.ഡി.എഫിന്റെ 8200 യൂണിറ്റിനുള്ള ചില സേവനങ്ങൾ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. മണിക്കൂറിൽ ഫലസ്തീനികളുടെ പത്തു ലക്ഷം ഫോൺകോളുകൾ ട്രാക്കു ചെയ്യാൻ ഇത് ഉപയോഗിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്.
ഇസ്രായേൽ സൈന്യം 635 മൈക്രോസോഫ്റ്റ് സബ്‌സ്‌ക്രിപ്‌ഷനുകളെങ്കിലും നിലനിർത്തുന്നതായും അവയിൽ ഭൂരിഭാഗവും ഇപ്പോഴും സജീവമാണെന്നുമുള്ള അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടും സറ്റ്ഫിൻ ഗ്ലോസ്കി സഹപ്രവർത്തകർക്കായി എഴുതിയ രാജിക്കത്തിൽ സൂചിപ്പിച്ചു.
ഇസ്രായേൽ സൈന്യം കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കാൻ മുമ്പ് ജീവനക്കാരെ അനുവദിച്ചിരുന്ന ആശയവിനിമയ മാർഗങ്ങൾ ഇല്ലാതാക്കിയ മൈക്രോസോഫ്റ്റ് നടപടിയെയും അദ്ദേഹം വിമർശിച്ചു.
രണ്ടു വർഷം നീണ്ടു നിന്ന ഇസ്രായേലിന്റെ ഗസ്സയിലെ ആക്രമണം അവസാനിപ്പിച്ചുകൊണ്ട് വെടിനിർത്തൽ പ്രാബല്ല്യത്തിൽ വന്നതിനു പിന്നാലെയാണ് സറ്റ്ഫിന്റെ പ്രതിഷേധ രാജി.
അതിനിടെ തന്റെ ഓഫീസിൽ അതിക്രമിച്ചുകയറി പ്രതിഷേധം നടന്നതിനു പിന്നാലെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത് മുന്നറിയിപ്പുമായി രംഗത്തെത്തി. ഇത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ സന്ദേശം.
നടപടി ശക്തമാക്കുമ്പോഴും വാഷിങ്ടണിലെ റെഡ്മണ്ട് മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസവും സജീവമാണ്. മൈക്രോ സോഫ്റ്റ് കൊന്നൊടുക്കുന്നു, ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കുക.. തുടങ്ങിയ ബാനറുകളുമായി പ്രതിഷേധം അരങ്ങേറി. അസൂർ ക്ലൗഡ് ലോഗോയിൽ യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും ചിത്രങ്ങൾ ഉൾപെടുത്തിയും പ്രതിഷേധക്കാർ അണിനിരന്നു.
ഇസ്രായേലിനെ വെടിനിർത്തലിന് സമ്മർദം ചെലുത്തണമെന്ന് ആവശ്യവുമായി 1,500-ലധികം മൈക്രോസോഫ്റ്റ് ജീവനക്കാർ ഒപ്പുവെച്ച് കമ്പനിക്ക് നിവേദനം കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.