ഷേഖ് ഹസീന

ഡൽഹിയിൽ ജീവിതം സ്വതന്ത്രം, പക്ഷേ മടങ്ങിപ്പോകാൻ ആഗ്രഹമെന്നും ​​ശൈഖ് ഹസീന; പുറത്താക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണം

ന്യൂഡൽഹി: ഡൽഹിയിൽ സ്വതന്ത്ര ജീവിതം നയിക്കുമ്പോഴും സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ആഗ്രഹം മനസിൽ സൂക്ഷിക്കുന്നു​വെന്ന് പുറത്താക്കപ്പെട്ട ബംഗ്ളാദേശ് മുൻ പ്രധാനമ​​ന്ത്രി ശൈഖ് ഹസീന. ബംഗ്ലാദേശിൽ അവാമി ലീഗ് പാർട്ടിക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച ദശലക്ഷക്കണക്കിന് പ്രവർത്തകർ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഹസീന പറഞ്ഞു. ​

അവാമി ലീഗിനെ മാറ്റിനിർത്തിക്കൊണ്ട് നടത്തുന്ന തെരഞ്ഞെടുപ്പിൽ ഏത് പാർട്ടിയുടെ ഗവൺമെന്റ് അധികാരത്തിലെത്തിയാലും താൻ ബംഗ്ളാദേശിലേക്ക് തിരിച്ചുപോകില്ലെന്നും ഇന്ത്യയിൽ തുടരുമെന്നും ഹസീന വ്യക്തമാക്കി. വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ, 2024 ഓഗസ്റ്റിലാണ് ഹസീന ഇന്ത്യയി​ലെത്തിയത്. നോബൽ പുരസ്കാര ജേതാവായ മുഹമ്മദ് യൂനുസി​ന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവൺമെന്റാണ് നിലവിൽ ബംഗ്ളാദേശ് ഭരിക്കുന്നത്. രാജ്യം ഫെബ്രുവരിയിൽ തെര​ഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് ഹസീന നിലപാട് വ്യക്തമാക്കിയത്.

അവാമി ലീഗിനുള്ള നിരോധനം അനീതി മാത്രമല്ല, സ്വയം പരാജയപ്പെടുത്തൽ കൂടിയാണെന്ന് ഹസീന റോയിട്ടേഴ്സിന് നൽകിയ മറുപടിയിൽ പറഞ്ഞു. പുറത്താക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഹസീന മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. അടുത്ത സർക്കാറി​ന്റേത് സാധുതയുള്ള തെരഞ്ഞെടുപ്പായിരിക്കണം. ദശലക്ഷക്കണക്കിന് ആളുകൾ അവാമി ലീഗിനെ പിന്തുണക്കുന്നവരാണ്. ഈ സാഹചര്യത്തിൽ അവർ വോട്ട് ​ചെയ്യില്ല. ഇത്രയും ആളുകളെ പുറത്തുനിർത്തി എങ്ങിനെയാണ് വിശ്വസനീയമായ ഒരു രാഷ്ട്രീയ സംവിധാനം കെട്ടിപ്പടുക്കുകയെന്നും ഹസീന പറഞ്ഞു.

​പ്രവർത്തകരോട് വോട്ടുചെയ്യാൻ ആവശ്യപ്പെടില്ല

ബംഗ്ളാദേശിൽ 126 ദശലക്ഷം വോട്ടർമാരുണ്ടെന്നാണ് കണക്ക്. ദീർഘകാലമായി അവാമി ലീഗും ബംഗ്ളാദേശ് നാഷണലിസ്റ്റ് പാർട്ടിയുമാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായിരുന്നത്. അവാമി ലീഗിന് വിലക്ക് ഏർപ്പെടുത്തിയതോടെ, ബി.എൻ.പി ഇക്കുറി അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ​

​കഴിഞ്ഞ മെയിലാണ് ബംഗ്ളാദേശ് തെരഞ്ഞെടുപ്പ് കമീഷൻ ഷേഖ് ഹസീനയുടെ അവാമി ലീഗിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയത്. മുമ്പ് ദേശ സുരക്ഷയും മുതിർന്ന നേതാക്കൾക്കെതിരെ യുദ്ധക്കുറ്റമടക്കമുളളവയിലെ അന്വേഷണവും ചൂണ്ടിക്കാട്ടി യൂനുസ് സർക്കാർ പാർട്ടിയുടെ രാജ്യത്തെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

മറ്റ് പാർട്ടികളെ പിന്തുണക്കണമെന്ന് അവാമി ലീഗ് പ്രവർത്ത​കരോട് ആവശ്യപ്പെടുന്നില്ലെന്ന് ഹസീന പറഞ്ഞു. അവാമി ലീഗിന് മത്സരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചതിന് കയ്യടിനേടിയെങ്കിലും മനുഷ്യാവകാശ ലംഘനങ്ങളും എതിർശബ്ദങ്ങ​ളെ ഇല്ലായ്മ ചെയ്യുന്നതും ഹസീന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളായി ഉന്നയിക്കപ്പെട്ടിരുന്നു. 2024-ൽ പ്രധാന പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പിലാണ് ഹസീന തുടർച്ചയായി നാലാം തവണയും പ്രധാനമന്ത്രി കസേരയിൽ എത്തിയത്. ഇതിനിടെ, മുതിർന്ന് പ്രതിപക്ഷ നേതാക്കളടക്കമുള്ളവരെ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തിരുന്നു.

അവാമി ലീഗ് സർക്കാരിനെതിരെ 2024 ജൂലൈ 15 നും ഓഗസ്റ്റ് അഞ്ചിനും ഇടയിൽ നടന്ന പ്രതിഷേധങ്ങളിൽ 1,400 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂരിഭാഗവും സുരക്ഷാ സേനയുടെ വെടിവെയ്പിലാണ് സംഭവിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 1971ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശിൽ ഉണ്ടായ ഏറ്റവും വലിയ അക്രമമായിരുന്നു ഇത്.

ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ വിധി തന്നെ കേൾക്കാതെ

പ്രതിപക്ഷ പ്രവർത്തകരും നേതാക്കളും സുരക്ഷാ ഏജൻസികൾ നടത്തുന്ന രഹസ്യ തടങ്കൽ കേന്ദ്രങ്ങളിൽ അപ്രത്യക്ഷരായതായും ക്രൂര പീഡനങ്ങൾക്കിരയായതായും ബംഗ്ലാദേശിലെ ആഭ്യന്തര യുദ്ധക്കുറ്റ കോടതിയായ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിൽ ഹസീനക്കെതിരെ പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. നടപടി പൂർത്തിയായ വിചാരണയിൽ നവംബർ 13ന് വിധി വരാനിരിക്കവെയാണ് ഹസീനയുടെ പ്രതികരണം.

ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ തനിക്ക് വ്യക്തിപരമായി പങ്കില്ലെന്ന് ഹസീന പറഞ്ഞു. തനിക്കെതിരായ നടപടികൾ രാഷ്ട്രീയപ്രേരിതമായ കപടനാടകമാണ്. നിക്ഷിപ്ത താത്പര്യമുളള കോടതിയാണ് യൂനുസ് സർക്കാർ കൊണ്ടുവന്നത്. തനിക്കെതിരായ വിധി മുൻകൂട്ടി നിശ്ചയിച്ചതാണ്. മുൻകൂർ നോട്ടീസോ സ്വയം പ്രതിരോധിക്കാനുള്ള അർത്ഥവത്തായ അവസരമോ തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും ഹസീന പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും, ബംഗ്ലാദേശിന്റെ ഭാവിയിൽ, സർക്കാരിലോ പ്രതിപക്ഷത്തോ, നിർണായക പങ്കുവഹിക്കാൻ അവാമി ലീഗ് ഒടുവിൽ തിരിച്ചെത്തും. തന്റെ കുടുംബം തന്നെ പാർട്ടിയെ നയിക്കണമെന്നില്ലെന്നും ഹസീന പറഞ്ഞു. ആവശ്യമെങ്കിൽ പാർട്ടിയെ നയിക്കുന്നത് പരിഗണിക്കുമെന്ന് വാഷിംഗ്ടണിൽ താമസിക്കുന്ന ഹസീനയുടെ മകനും രാഷ്ട്രീയ ഉപദേശകനുമായ സജീബ് വാസദ് കഴിഞ്ഞ വർഷം റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.

‘ഇത് എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ അല്ല,’ ഹസീന പറഞ്ഞു. ‘നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഭാവി കൈവരിക്കാൻ ബംഗ്ലാദേശിന് ഭരണഘടനാപരമായ സർക്കാരിലേക്കും രാഷ്ട്രീയ സ്ഥിരതയിലേക്കുമുള്ള തിരിച്ചുവരവ് ആവശ്യമാണ്. ഒരു വ്യക്തിയോ കുടുംബമോ അല്ല രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത്,’ അവർ കൂട്ടിച്ചേർത്തു.

1975-ൽ താനും സഹോദരിയും വിദേശത്തായിരുന്നപ്പോൾ നടന്ന സൈനിക അട്ടിമറിയിൽ പിതാവും മൂന്ന് സഹോദരന്മാരും കൊല്ലപ്പെട്ടത് മറന്നിട്ടില്ലെന്ന് പറഞ്ഞ ഹസീന, ഡൽഹിയിൽ സ്വതന്ത്രമായി താമസിക്കുന്നുണ്ടെങ്കിലും ചരിത്രം കണക്കിലെടുത്ത് ജാഗ്രത പാലിക്കുന്നുണ്ടെന്നും വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രതികരണത്തിൽ ഹസീന വ്യക്തമാക്കി.

Tags:    
News Summary - Living Freely In Delhi, But Would Love To Return Home: Sheikh Hasina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.