കിഴക്കൻ യു.എസിനെ വലച്ച് പേമാരിയും പ്രളയവും മഞ്ഞുകാറ്റും; മരണം 9 ആയി

വാഷിംങ്ടൺ:  തെക്കു കിഴക്കൻ യു.എസിലെ അതികഠിനമായ കാലാവസ്ഥയിൽ ഒമ്പതു പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്.  കെന്റക്കിയിൽ മാത്രം കനത്ത മഴയിലും പ്രളയത്തിലും എട്ടു പേർ മരിച്ചു.  വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു. 

അമ്മയും 7 വയസ്സുള്ള കുട്ടിയുമുൾപ്പെടെ നിരവധി മരണങ്ങൾക്ക് കാരണം പെട്ടെന്ന് ഉയർന്ന വെള്ളത്തിൽ കാറുകൾ കുടുങ്ങിയതാണെന്ന് ബെഷിയർ പറഞ്ഞു. ആളുകളോട് റോഡുകളിൽ നിന്ന് മാറി നിൽക്കാനും അദ്ദേഹം മുന്നറിയിപ്പു നൽകി. തിരയലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ഘട്ടമാണെന്നും കൊടുങ്കാറ്റ് ഏകദേശം 39,000 വീടുകളിൽ വൈദ്യുതി മുടക്കിയെന്നും ബെഷിയർ പറഞ്ഞു. ചില പ്രദേശങ്ങളിൽ കാറ്റ് വീശുന്നത് തുടരുന്നത് തടസ്സങ്ങൾ ഏറ്റുന്നതായും അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കൻ കെൻ്റക്കിയിൽ, ക്ലേ കൗണ്ടിയിലെ വെള്ളപ്പൊക്കത്തിൽ 73 വയസ്സുള്ള ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി കൗണ്ടി എമർജൻസി മാനേജ്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ റെവെല്ലെ ബെറി അറിയിച്ചു. 

കെന്റക്കിക്ക് അപ്പുറത്തുള്ള യു.എസിൻ്റെ ഭൂരിഭാഗവും ശൈത്യകാല കാലാവസ്ഥയുടെ മറ്റൊരു ദുരിതാവസ്ഥയെ നേരിടുകയാണ്. വടക്കൻ സമതലങ്ങളിൽ ജീവൻ അപായപ്പെടുത്തുന്ന മഞ്ഞുകാറ്റിനെയും കൊടും തണുപ്പിനെയും അഭിമുഖീകരിക്കുകയാണ്. ജോർജിയയുടെയും ഫ്ലോറിഡയുടെയും ചില ഭാഗങ്ങളിൽ ടൊർണാഡോ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ കെൻ്റക്കിയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ടായി. കെന്റക്കിയുടെയും ടെന്നസിയുടെയും ചില ഭാഗങ്ങളിൽ വാരാന്ത്യ കൊടുങ്കാറ്റിൽ 15 സെൻ്റീമീറ്റർ വരെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ സേവനത്തിലെ മുതിർന്ന ഉ​ദ്യോഗസ്ഥനായ ബോബ് ഒറവെക് പറഞ്ഞു.

തങ്ങളുടെ അത്യാഹിത വിഭാഗം അടച്ചുപൂട്ടിയതായും എല്ലാ രോഗികളെയും മേഖലയിലെ മറ്റ് രണ്ട് ആശുപത്രികളിലേക്ക് മാറ്റുകയാണെന്നും ജാക്‌സൺ നഗരത്തിലെ കെന്റക്കി റിവർ മെഡിക്കൽ സെന്റർ അറിയിച്ചു. എപ്പോൾ സുരക്ഷിതമായി വീണ്ടും തുറക്കാൻ കഴിയുമെന്ന് നിർണ്ണയിക്കാൻ ഞായറാഴ്ച രാവിലെ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തുമെന്ന് ആശുപത്രി അറിയിച്ചു.

വെർജീനിയയിലെ ബുക്കാനൻ കൗണ്ടിയിൽ, മണ്ണിടിച്ചിലിൽ ഒന്നിലധികം റോഡുകൾ തടസ്സപ്പെട്ടതായി ഷെരീഫ് ഓഫിസ് അറിയിച്ചു.

Tags:    
News Summary - Latest blast of harsh winter weather kills 9 across US, including 8 in Kentucky floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.