യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ൽ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ടം, ഇൻസെറ്റിൽ ലി​സ് ഡു​സ​റ്റ്

കിയവിന്റെ പശ്ചാത്തല ശബ്ദം സ്ഫോടനമായി മാറി

റഷ്യയുടെ യുക്രെയ്ൻ ആക്രമണം എട്ടുദിവസം പിന്നിടുമ്പോൾ വമ്പൻ സ്ഫോടനങ്ങളിൽ ഞെട്ടിത്തരിക്കുകയാണ് കിയവ്. വ്യോമാക്രമണങ്ങൾക്കും കുറവില്ല. യുക്രെയ്ൻ തലസ്ഥാനത്ത് മുഴങ്ങിക്കേൾക്കുന്നത് സ്ഫോടനശബ്ദം മാത്രമാണ്. അർധരാത്രി കഴിഞ്ഞാൽ വ്യോമാക്രമണ സൈറൺ മുഴങ്ങും.

പിന്നെ രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് എങ്ങും വൻ സ്ഫോടനങ്ങളാണ്. കിയവിന്റെ പശ്ചാത്തല ശബ്ദം സ്ഫോടനമായി മാറിയെന്ന് ബി.ബി.സി ചീഫ് ഇന്റർനാഷനൽ കറസ്പോണ്ടന്റ് ലിസ് ഡുസെറ്റ് റിപ്പോർട്ട് ചെയ്യുന്നു. സൈനിക വാഹനങ്ങളുടെ കരിഞ്ഞതും കറുത്തതുമായ അവശിഷ്ടങ്ങൾ റോഡുകളിൽ ചിതറിക്കിടക്കുകയാണ്. തകർന്ന നഗരത്തിന്റെ അതിർത്തിയിൽ കനത്ത പോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. പലർക്കും ഉറങ്ങാൻ കഴിയാത്ത തലസ്ഥാനത്തിന്റെ ആകാശത്ത് ഓറഞ്ച് അഗ്നിഗോളം കത്തിപ്പടരുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

നഗരാതിർത്തിയിൽ റഷ്യയുടെ വൻ കവചിത വാഹനവ്യൂഹം ഇപ്പോഴും സ്തംഭിച്ചുനിൽക്കുകയാണ്. യുക്രെയ്നിയൻ പ്രതിരോധം, സാങ്കേതിക തകരാർ, തിരക്ക് എന്നിവയാണ് റഷ്യൻ സൈനിക വാഹനവ്യൂഹത്തിന് വിലങ്ങുതടിയാകുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം, ചളിയിൽ കുടുങ്ങിയ ചക്രങ്ങൾ, അസ്വസ്ഥമായ റഷ്യൻ സൈന്യം, യുക്രെയ്ൻ പ്രതിരോധം എന്നിവയാണ് റിപ്പോർട്ടുകളിൽ നിറയുന്നത്.

യുക്രെയ്ൻ മേയർമാർ നഗരങ്ങളുടെ നിരാശജനകമായ ദുരവസ്ഥ പങ്കിടുന്നുണ്ട്. യുക്രെയ്നിയൻ പതാക ഇപ്പോഴും തങ്ങളുടെ നഗരത്തിനു മുകളിൽ പറക്കുന്നുണ്ടെന്നും തങ്ങളുടെ സൈന്യമവിടെ ഉണ്ടായിരുന്നില്ലെന്നും തെക്കൻ തുറമുഖ നഗരമായ ഖെർസോൺ മേയറായ ഇഗോർ കോലിഖയേവ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

തീവ്രമായ ഷെല്ലാക്രമണവും കനത്ത മാനുഷിക ദുരന്തവും അരങ്ങേറുന്ന മാരിയുപോളിലെ മേയർ വാഡിം ബോയ്‌ചെങ്കോ, റഷ്യൻ ആക്രമണങ്ങളെ അന്തസ്സോടെ ചെറുക്കുകയാണെന്ന് അവകാശപ്പെട്ടു. വടക്ക്, കിഴക്ക്, തെക്ക് എന്നിവിടങ്ങളിൽ റഷ്യ ആക്രമിച്ച് മുന്നേറുകയാണ്. 

Tags:    
News Summary - kyiv background sound is explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.