അസമിൽ മുസ്ലിം വീടുകൾ പൊളിച്ച സംഭവം: ബംഗ്ലാദേശ് സർവകലാശാലയിൽ പ്രതിഷേധം
ധാക്ക: ഇന്ത്യയിലെ അസം സംസ്ഥാനത്ത് ബംഗാളി മുസ്ലിംകളെ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിലും നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ പൊളിച്ചുനീക്കുന്നതിലും പ്രതിഷേധിച്ച് ധാക്ക സർവകലാശാലയിൽ വിദ്യാർഥി സംഘടനയായ 'ജാതിയ ഛാത്ര ശക്തി'യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മനുഷ്യച്ചങ്ങലയും. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സർവകലാശാല കാമ്പസിലെ പ്രശസ്തമായ രാജു മെമ്മോറിയൽ സ്കൾപ്ച്ചറിന് മുന്നിലാണ് നൂറുകണക്കിന് വിദ്യാർഥികളും നേതാക്കളും അണിനിരന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷ വേട്ടകളെയും വംശീയ ഉന്മൂലന നീക്കങ്ങളെയും രൂക്ഷമായി വിമർശിച്ച വിദ്യാർഥി നേതാക്കൾ, ദക്ഷിണേഷ്യൻ മേഖലയിലെ 'പുതിയ ഇസ്രായേലായി' ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചു.
'മതേതരത്വത്തിൽ ഇന്ത്യയുടെ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ ഇസ്രായേൽ': താഹ്മിദ് അൽ മുദ്ദസിർ
"മറ്റുള്ളവരെ മതേതരത്വം പഠിപ്പിക്കാൻ ഏത് ധൈര്യത്തിലാണ് ഇന്ത്യ തുനിയുന്നത്? ഒരു ന്യൂനപക്ഷ വിഭാഗത്തിനും സുരക്ഷിതത്വം നൽകാത്ത, ഹിന്ദുത്വ വർഗീയ അജണ്ടകളാൽ നയിക്കപ്പെടുന്ന ഇന്ത്യയിലെ ശക്തികളിൽ നിന്ന് ഞങ്ങൾക്ക് മതേതരത്വത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
വർണവിവേചന മാതൃകയിലുള്ള നയങ്ങളിലൂടെ ഇന്ത്യ മേഖലയിലെ പുതിയ ഇസ്രായേലായി മാറുകയാണ്. സ്വന്തം രാജ്യത്തെ മുസ്ലിംകളെ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി അതിർത്തി കടത്തിവിടാനുള്ള 'പുഷ്-ഇൻ' നീക്കങ്ങൾക്കെതിരെയും അതിർത്തി കൊലപാതകങ്ങൾക്കെതിരെയും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായ നിലപാട് സ്വീകരിക്കണം. ഇന്ത്യയുടെ താല്പര്യങ്ങൾക്ക് വഴങ്ങുകയല്ല നയതന്ത്രം. ലോകത്തെ പീഡിതരായ എല്ലാ ജനവിഭാഗങ്ങളുടെയും ശബ്ദമായി ധാക്ക നിലകൊള്ളും."
— താഹ്മിദ് അൽ മുദ്ദസിർ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണം; അസമിലെ നീക്കം മേഖലയിൽ സംഘർഷമുണ്ടാക്കും
ഇന്ത്യയിലെ മുസ്ലിംകൾ, സിഖുകാർ, ക്രൈസ്തവർ, ദലിത് വിഭാഗങ്ങൾ എന്നിവർ ഹിന്ദുത്വ തീവ്രവാദത്തിന്റെ കരിനിഴലിൽ നിന്ന് സംരക്ഷിക്കപ്പെടണമെന്ന് ചടങ്ങിൽ സംസാരിച്ച സംഘടനയുടെ ധാക്ക സർവകലാശാലാ യൂണിറ്റ് പ്രസിഡന്റ് ഹസീബ് അൽ ഇസ്ലാം ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദിയുടെ ബി.ജെ.പി സർക്കാർ ഇസ്രായേലിന്റെ തന്ത്രങ്ങളെയാണ് അന്ധമായി പിന്തുടരുന്നത്. അസമിൽ മുസ്ലിംകളുടെ വീടുകളും പള്ളികളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് അവിടുത്തെ മുസ്ലിം പൗരന്മാരെ ബംഗ്ലാദേശിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഇത് മേഖലയിലെ സ്ഥിരതയെ തകർക്കുകയും വലിയ സംഘർഷങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ബി.ജെ.പി തയ്യാറാകണമെന്നും, സർക്കാരിന്റെ വംശീയവും വിവേചനപരവുമായ നയങ്ങൾക്കെതിരെ ഇന്ത്യൻ യുവത തെരുവിലിറങ്ങി ശബ്ദമുയർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംഘടനയുടെ ധാക്ക സർവകലാശാലാ യൂണിറ്റ് ജനറൽ സെക്രട്ടറി ഫെർദൗസ് അയ്യാമിന്റെ (റയ്യാൻ) നിയന്ത്രണത്തിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.