'വധശ്രമം നടക്കുന്നുണ്ട്'; പശ്ചിമേഷ്യയിലെ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യു.എസ് ഇന്റലിജൻസ്, മറ്റൊരു എപ്പിക് ഫ്യൂറി ആരംഭിച്ചേക്കാമെന്ന് ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയിലും പുറത്തുമുള്ള രാജ്യങ്ങളിലുമുള്ള അമേരിക്കൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇറാൻ "വളരെയധികം വർദ്ധിപ്പിച്ചു" എന്നും, വധശ്രമത്തിനായുള്ള ഗൂഢാലോചനകൾ "അവസാന ഘട്ടങ്ങളിൽ" എത്തിനിൽക്കുകയാണെന്നുമാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. അതേസമയം ഇറാനെതിരെ മറ്റൊരു ഓപ്പറേഷൻ എപിക് ഫ്യൂറി ആരംഭിച്ചേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യക്ക് പുറത്തുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും തങ്ങളുടെ ആക്രമണങ്ങൾ വ്യാപിപ്പിച്ചേക്കാമെന്നും യുഎസ് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.ഇതു സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഒക്ടോബർ 23ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്ക് റിപ്പോർട്ട് കൈമാറിയതായും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.ഈ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പശ്ചിമേഷ്യയിലുള്ള നിരവധി അമേരിക്കൻ എംബസികളിലെ ജീവനക്കാരെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിരിച്ചു വിളിച്ചു തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
സൗദി അറേബ്യയിലെ അടിയന്തിര പ്രാധാന്യമില്ലാത്ത ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ നേരത്തെ തന്നെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചിരുന്നു.എന്നാൽ ഗൾഫ് രാജ്യങ്ങളിലെ എംബസികളിലുടനീളമുള്ള എംബസി ജീവനക്കാരോട് രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് നിഷേധിച്ചു. സൗദി അറേബ്യയിൽനിന്ന് മാത്രമാണ് അടിയന്തിര പ്രാധാന്യമില്ലാത്ത ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഇറാനിൽ നിന്നുള്ള പുതിയ ഇൻ്റലിജൻസ് വിവരങ്ങൾ പുറത്തുവരുമ്പോഴും, നയതന്ത്ര കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെതിരെ മറ്റൊരു യുഎസ് ആക്രമണം ഉണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി.ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനെതിരായ യുദ്ധത്തിന് യുഎസ് സൈന്യം നൽകിയ പേരിനെ പരാമർശിച്ചുകൊണ്ട്, "ഞങ്ങൾ മറ്റൊരു ചെറിയ എപ്പിക് ഫ്യൂറി നടത്തിയേക്കാം," എന്ന് വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന റാലിയിൽ ട്രംപ് പറഞ്ഞു. മറ്റൊരു സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല.ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയുണ്ടാകുമെന്ന് സൂചന നൽകുന്നതായിരുന്നു ട്രംപിന്റെ പരാമർശം. "അവർ ബുദ്ധിമാന്മാരാണെങ്കിൽ, അവർ പറയും, 'നമുക്ക് കാര്യത്തിലേക്ക് കടക്കാം.' എന്നാൽ, അവർ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല, കാരണം ഒരുപക്ഷേ അവർ ബുദ്ധിമാന്മാരല്ല.," അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.