വൻ ഡീസൽ ശേഖരവുമായി മൂന്ന് റഷ്യൻ കപ്പലുകൾ അമേരിക്കയിലേക്ക്; മൂന്നു വർഷത്തിനിടെ ആദ്യം
മോസ്കോ: റഷ്യയിൽനിന്ന് വൻ ഡീസൽ ശേഖരവുമായി മൂന്ന് ടാങ്കറുകൾ അമേരിക്കയിലേക്ക് പുറപ്പെട്ടതായി റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ ധാരണയായ പുതിയ ഇന്ധന കരാറിന്റെ ഭാഗമായാണ് റഷ്യയിൽ നിന്നുള്ള ആദ്യ ഡീസൽ കയറ്റുമതി അമേരിക്കയിലേക്ക് അയച്ചത്.
റഷ്യയിലെ പ്രിമോർസ്ക് തുറമുഖത്തുനിന്നും 40,000 ടൺ (ഏകദേശം 3,00,000 ബാരൽ) ഡീസലുമായി മൂന്ന് കൂറ്റൻ എണ്ണക്കപ്പലുകളാണ് അമേരിക്കൻ തീരം ലക്ഷ്യമാക്കി യാത്ര തിരിച്ചത്. 2023ന് ശേഷം ഇതാദ്യമായാണ് റഷ്യയിൽ നിന്ന് നേരിട്ട് അമേരിക്കയിലേക്ക് ഡീസൽ വിതരണം പുനരാരംഭിക്കുന്നത്. ആദ്യ ടാങ്കർ നവംബർ 7-ഓടെ ന്യൂയോർക്കിലെത്തുമെന്നാണ് മറൈൻ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ നൽകുന്ന വിവരം.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ കടുത്ത ഇന്ധനവില വർധനവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് മോസ്കോയുമായി ഈ കരാറിലെത്തിയത്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (ആർ.ഡി.ഐ.എഫ്) പിന്തുണയോടെയാണ് ഇന്ധന വിതരണം സാധ്യമാക്കുന്നത്. ഒക്ടോബറിൽ മാത്രം 5 ലക്ഷം മെട്രിക് ടൺ ഡീസൽ അമേരിക്കക്ക് നൽകാൻ തയാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
നേരത്തേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് റഷ്യൻ എണ്ണകൾക്കും അത് സ്വീകരിക്കുന്ന രാജ്യങ്ങൾക്കും മേൽ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യൻ ഊർജ്ജ ഇറക്കുമതി നടത്തുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ ഉപരോധ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന നിയമത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. പിന്നീട് ദേശീയ താല്പര്യം മുൻനിർത്തി ട്രംപ് റഷ്യക്ക് ആശ്വാസമാകുന്ന രീതിയിൽ ഈ ഇളവുകൾ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ, ട്രംപിന്റെ ഈ തീരുമാനം യുക്രെയ്ൻ ഭരണകൂടത്തിൽ നിന്നും അമേരിക്കയിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ ജനപ്രതിനിധികളിൽ നിന്നും കടുത്ത വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. "ശക്തരായ പങ്കാളികളുടെ ബലഹീനമായ തീരുമാനം" എന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി ഇതിനോട് പ്രതികരിച്ചത്. റഷ്യക്കും ഇറാനും എതിരായ ഉപരോധങ്ങൾ സംബന്ധിച്ച ലിൻഡ്സെ ഒ. ഗ്രഹാം നിയമനടപടികളാണ് ട്രംപ് താൽക്കാലിക ഇളവ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.