അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന്റെ വടക്കൻ ചെക്ക്‌പോസ്റ്റിൽ വെടിവെപ്പുണ്ടായ സ്ഥലത്ത് നിലയുറപ്പിച്ച ഇസ്രായേൽ സൈനികർ


വെസ്റ്റ് ബാങ്ക് വളഞ്ഞ് ഇസ്രായേൽ; മേഖലയിൽ വ്യാപക സൈനിക നീക്കത്തിന് ഉത്തരവ്

ഹെബ്രോൺ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിനു സമീപം വെടിവെപ്പിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ വ്യാപക സൈനിക നടപടിക്കൊരുങ്ങാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു. ഹെബ്രോൺ വളയാനും വെസ്റ്റ് ബാങ്കിലാകെ സഞ്ചാരനിയന്ത്രണം ഏർപ്പെടുത്താനുള്ള ഒരുക്കം നടത്താനും സുരക്ഷാസേനക്ക് നിർദേശം നൽകി. ആക്രമണം നടത്തിയതായി സൈന്യം പറയുന്ന രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടു. മൂന്നു സൈനികർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച ഹെബ്രോണിനു പുറത്തുള്ള യഹൂദ ജങ്ഷനു സമീപമായിരുന്നു ഏറ്റുമുട്ടൽ. ഹെബ്രോൺ സ്വദേശികളായ രണ്ടുപേർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. ഏകദേശം 20 മിനിറ്റ് ഏറ്റുമുട്ടൽ നീണ്ടു. ഇവരുടെ കൈവശം എം-16 തോക്കും കൈത്തോക്കും ഉണ്ടായിരുന്നതായും സൈന്യം അറിയിച്ചു. ആക്രമികൾ താമസിച്ചിരുന്ന പ്രദേശത്ത് വീടുകൾതോറും പരിശോധന നടത്തുമെന്നും ആയുധങ്ങളും സായുധസംഘങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും നശിപ്പിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. പ്രദേശവാസികളെ ഒഴിപ്പിച്ചശേഷം സൈനിക നടപടി നടത്താനാണ് പദ്ധതി. വടക്കൻ വെസ്റ്റ് ബാങ്കിൽ നേരത്തേ നടത്തിയ സൈനിക നീക്കങ്ങളുടെ മാതൃകയിലായിരിക്കും നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇസ്രായേലിൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം. ഹെബ്രോണിലെ സൈനിക നടപടി വിപുലീകരിക്കാനും ഫലസ്തീൻ അതോറിറ്റിയെ പിരിച്ചുവിടാനും നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷികൾ ആവശ്യമുയർത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങളും സംഘർഷവും വർധിക്കുന്നതിനിടെയാണ് പുതിയ സൈനിക നീക്കത്തിനുള്ള പ്രഖ്യാപനം. പ്രഖ്യാപനത്തിനു പിന്നാലെ മേഖലയിൽനിന്ന് ഫലസ്തീനികളോട് വീടൊഴിയാൻ ഇസ്രായേൽ സൈന്യം നിർദേശം നൽകി. വരുംദിവസങ്ങളിൽ രൂക്ഷമായ സൈനിക നടപടികൾക്ക് മേഖല സാക്ഷ്യം വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Israel Encircles West Bank; Orders Large-Scale Military Deployment in the Region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.