ഇതാണെന്റെ മകൾ...ലോകത്തിനു മുന്നിൽ ആദ്യമായി മകളെ വെളിപ്പെടുത്തി കിം ജോങ് ഉൻ

സോൾ: ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി എവിടെയും ലഭ്യമല്ല. കിമ്മിന് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം മൂന്നു മക്കളുണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നത്. സെപ്റ്റംബറിൽ നടന്ന ദേശീയ ആഘോഷത്തിന്റെ ഫൂട്ടേജുകളിൽ അതിലൊരാളെ മിന്നായം പോലെ കണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ലോകത്തിനു മുന്നിൽ ആദ്യമായി മകളെ അവതരിപ്പിച്ചിരിക്കുകയാണ് കിം. യു.എസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയിൽ പരീക്ഷിച്ചതിനു പിന്നാലെയാണ് മകളുമൊത്തുള്ള ചിത്രവുമായി കിം പ്രത്യക്ഷപ്പെട്ടത്.

മിസൈൽ പരീക്ഷണം കാണാൻ കിം എത്തിയത് മകൾക്കൊപ്പമായിരുന്നു. ഉത്തര കൊറിയൻ വാർത്താ ഏജൻസി ചിത്രം പുറത്തു വിട്ടത്. വെളുത്ത കോട്ടും ധരിച്ച് കിമ്മി​ന്റെ കൈ പിടിച്ചു നിൽക്കുന്ന മകളുടെ ചിത്രമാണ് പുറത്തുവിട്ടത്. എന്നാൽ കുട്ടിയുടെ പേര് ഇപ്പോഴും അജ്ഞാതമാണ്. വെള്ളിയാഴ്ചത്തെ ചടങ്ങിൽ കിമ്മിന്റെ ഭാര്യ റി സോൾ ജുവും പങ്കെടുത്തതായി ഉത്തര കൊറിയൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

കിം മകളുമൊത്ത് ആദ്യമായാണ് പൊതു ചടങ്ങിൽ എത്തുന്നതെന്ന് യു.എസ് ആസ്ഥാനമായ സ്റ്റിംസൺ സെന്ററിലെ ഉത്തര കൊറിയൻ വിഷയ വിദഗ്ധൻ മൈക്കൽ മാഡൻ പറഞ്ഞു. സെപ്റ്റംബറിലെ ദേശീയ അവധിദിന ആഘോഷങ്ങൾക്കിടയിൽ കുട്ടികളിലൊരാൾ പങ്കെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായിരുന്ന ഡെന്നിസ് റോഡ്മാൻ ഉത്തര കൊറിയ സന്ദർശിച്ചപ്പോൾ കിമ്മിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചിരുന്നെന്നും അന്ന് കിമ്മിന്റെ മകളെ കൈയിൽ എടുത്തു എന്നും വെളിപ്പെടുത്തിയിരുന്നു. ജു എ എന്നാണ് പേരെന്നും അദ്ദേഹം പറഞ്ഞു. ജു എയ്ക്ക് 12–13 വയസ് പ്രായമുണ്ടാകുമെന്നും നാല് – അഞ്ച് വർഷത്തിനുള്ളിൽ സൈനിക സേവനത്തിനോ സർവകലാശാല പഠനത്തിനോ യോഗ്യത നേടുമെന്നും മാഡൻ പറഞ്ഞിരുന്നു.


കിമ്മിന്റെ സഹോദരിയെപ്പോലെ അണിയറയിൽ നിന്നു കാര്യങ്ങൾ നിയന്ത്രിക്കാനോ ഉപദേഷ്ടാവായിട്ടോ കിമ്മിനെപ്പോലെ ഭരണതലപ്പത്ത് എത്തുന്നതിനോ ആയി ജു എയെ പരിശീലിപ്പിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കിമ്മിന്റെ പിന്‍ഗാമിയെന്ന് ഉത്തര കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Kim Jong Un reveals daughter to world for 1st time at missile test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.