ഖാ​​ലി​​ദ ജ​​റാ​​ർ പഴയ ചിത്രം (ഇടത്), ഇന്നലെ ഇസ്രായേൽ തടവറയിൽനിന്ന് വിട്ടയക്കപ്പെട്ടപ്പോൾ (വലത്)

ഇസ്രായേൽ വിട്ടയച്ചവരിൽ ഫലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവും; ആരാണ് ഖാ​​ലി​​ദ ജ​​റാ​​ർ?

ഗസ്സ സിറ്റി: വെടിനിർത്തൽ - ബന്ദി കൈമാറ്റ കരാർ അനുസരിച്ച് ഹമാസ് മൂന്ന് ബന്ദികളെ വിട്ടയച്ചതിന് പിന്നാലെ ഇസ്രായേൽ തടവറകളിൽനിന്ന് മോചിപ്പിക്കപ്പെട്ട 90 പേരിൽ ഫലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഖാ​​ലി​​ദ ജ​​റാ​​റും. ഫലസ്തീനിലെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനമായ പോ​​പു​​ല​​ർ ഫ്ര​​ണ്ട് ഫോ​​ർ ദി ​​ലി​​ബ​​റേ​​ഷ​​ൻ ഓ​​ഫ് ഫ​​ല​​സ്തീ​​ൻ (പി.​​എ​​ഫ്.​​എ​​ൽ.​​പി) നേ​​താ​​വാണ് ഖാ​​ലി​​ദ ജ​​റാ​ർ.

ഇസ്രായേൽ നിരന്തരം ലക്ഷ്യമിട്ട ഫലസ്തീനിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഫലസ്തീനിയൻ ലെജിസ്ലേറ്റീവ് കൗൺസിൽ (പി.എൽ.സി) മുൻ അംഗവുമാണ് ഖാലിദ. ‘ഫലസ്തീൻ വിമോചിപ്പിക്കാൻ ശ്രമിക്കുന്ന നിരോധിത സംഘടനയിൽ അംഗത്വമുണ്ട്’ എന്നാരോപിച്ച് 2015 ലാണ് ഖാലിദയെ ആദ്യമായി അറസ്റ്റ് ചെയ്തത്. 15 മാസത്തെ തടവിന് ശേഷം 2016 ജൂൺ 3ന് വിട്ടയച്ചു. പക്ഷേ 2017ൽ വീണ്ടും അറസ്റ്റിലായി. 2021 സെപ്റ്റംബറിൽ മോചിതയായെങ്കിലും 2023 ഡിസംബർ 26ന് വീണ്ടും തടവിലാക്കുകയായിരുന്നു. ഖാലിദയുടെ ഭർത്താവും പത്തിലധികം തവണ ഇസ്രായേലിന്‍റെ തടവിലായിട്ടുണ്ട്.

1989ൽ, ഫലസ്തീൻ ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ പ്രതിഷേധ മാർച്ചുകളിൽ ഒന്നിന് ഖാലിദയാണ് നേതൃത്വം നൽകിയത്. അൽ ബിരെയിൽ നിന്ന് റാമല്ലയിലേക്ക് നടത്തിയ ഈ മാർച്ചിൽ 5,000-ത്തിലധികം സ്ത്രീകൾ പങ്കെടുത്തിരുന്നു. ഇസ്രായേൽ പൊലീസ് ക്രൂരമായി അടിച്ചമർത്തിയ ഈ മർച്ചിൽ ജറാർ അടക്കം നിരവധി പേർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ജയിലിൽ കൊടിയ ശാരീരിക പീഡനത്തിനും ചോദ്യം ചെയ്യലിനും വിധേയമാക്കപ്പെട്ടു.

ഫ്രാൻസിലെ എലിസി കൊട്ടാരത്തിൽ നടന്ന മനുഷ്യാവകാശ ഉച്ചകോടിയടക്കം, നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ കോൺഫറൻസുകളിൽ ഫലസ്തീനെ ജറാർ പ്രതിനിധീകരിച്ചു.

ഹമാസും ഇസ്രായേലും ഉണ്ടാക്കിയ വെടിനിർത്തൽ - ബന്ദികൈമാറ്റ കരാറിൽ വിട്ടയക്കുന്നവരുടെ ആദ്യ പട്ടികയിൽ തന്നെ ഖാലിദ ജറാറിന്‍റെ പേരുണ്ടായിരുന്നു. 69 സ്ത്രീ​ക​ളെയും 21 കു​ട്ടി​ക​ളെയുമാണ് ഇന്ന് പുലർച്ചെ ഇസ്രായേൽ വി​ട്ട​യച്ച​ത്. ഇ​തി​ൽ 12 പേ​ർ 19 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രാ​ണ്. മാധ്യമപ്രവർത്തക ബുഷ്‌റ അത്തവിലും മോചിതരായവരിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Khalida Jarrar among Dozens of Palestinian Prisoners Freed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.