കമല ഹാരിസ്

'ട്രംപ് പ്രസിഡന്‍റ് പദവിക്ക് ‍‍യോഗ്യനല്ല'; കടന്നാക്രമിച്ച് കമല ഹാരിസ്

വില്ലിങ്ടൺ: ഡെമോക്രാറ്റിക്​ പാർട്ടിയുടെ വൈസ്​ പ്രസിഡന്‍റ്​ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ വംശജയായ കമല ഹാരിസ്. പ്രസിഡന്‍റ സ്ഥാനാർഥി ജോ ബൈഡന്‍റെ സ്വദേശമായ വില്ലിങ്ടണിലെ സ്കൂളിൽ നടന്ന പരിപാടിയിലാണ് കമല സംയുക്ത പ്രചാരണം ആരംഭിച്ചത്. ജോ ബൈഡനൊപ്പമാണ് കമല ഹാരിസ് വേദിയിലെത്തിയത്.

ഡോണാൾഡ് ട്രംപിന് പ്രസിഡന്‍റ് ആയിരിക്കാൻ യോഗ്യതയില്ലെന്ന് കമല ഹാരിസ് പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാൻ ട്രംപിന് സാധിച്ചില്ല. വംശീയത‍യും അനീതിയും തെരുവിൽ പ്രകടമാകുന്ന സ്ഥിതി വിശേഷമാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ട്രംപ് ഭരണകൂടം പരാജയപ്പെട്ടു. ഇത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കാൻ ഇടയാക്കിയെന്നും കമല ആരോപിച്ചു.

കമല ഹാരിസ് മിടുക്കിയും ശക്ത‍യും പ്രവൃത്തി പരിചയമുള്ള വ്യക്തിയുമാണെന്ന് ജോബൈഡൻ പറഞ്ഞു. കുടിയേറ്റ കുടുംബത്തിലെ കുട്ടിയാണ്. കുടിയേറ്റ കുടുംബങ്ങളുടെ അവസ്ഥ നമ്മുടെ രാജ്യത്ത് എത്രമാത്രം സമ്പന്നമാണെന്ന് കമലക്ക് വ്യക്തിപരമായി അറിയാം. കൂടാതെ, യു.‌എസിൽ ഒരു കറുത്ത, ഇന്ത്യൻ-അമേരിക്കൻ ആയി വളരുകയെന്നതിന്‍റെ വെല്ലുവിളിയും അവർക്കറിയാമെന്നും ജോ ബൈഡൻ ചൂണ്ടിക്കാട്ടി.

കമല ഹാരിസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡനാണ് നാമനിർ​ദേശം ചെയ്​തത്​. അമേരിക്കയിലെ പ്രധാന പദവികളിലൊന്നി​ലേക്ക്​ ഒരു മേജർ പാർട്ടിയിൽ നിന്നും മത്സരിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും ഇന്ത്യൻ വംശജയുമാണ് 55കാരിയായ കമല ഹാരിസ്.

കാലിഫോർണിയ സെനറ്ററായ കമല ഹാരിസ്​ അമേരിക്കയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊരാളാണ്​. നേരത്തെ, പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ ട്രംപിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കമല ഹാരിസ്, പ്രചാരണത്തിന് ഫണ്ട് ഇല്ലാത്തതിനിൽ മത്സരത്തിൽ പിന്മാറിയിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.