ഇറാൻ തകർന്നെന്ന വാദം പച്ചക്കള്ളം? യു.എസ് മിസൈലുകൾ പകുതിയും തീർന്നു; പെന്റഗൺ റിപ്പോർട്ടിൽ വാൻസിന് അതൃപ്തി

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ ഗതിയെക്കുറിച്ചും അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ചും പെന്റഗൺ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നൽകുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് സംശയിക്കുന്നതായി റിപ്പോർട്ട്. 'ദി അറ്റ്‌ലാന്റിക്' പുറത്തുവിട്ട റിപ്പോർട്ടിലാണ് വാൻസിന്റെ രഹസ്യ യോഗങ്ങളിലെ ആശങ്കകളെക്കുറിച്ച് പരാമർശിക്കുന്നത്.

യുദ്ധം ആഴ്ചകൾ പിന്നിടുമ്പോഴും ഇറാന്റെ സൈനിക ശക്തി പൂർണ്ണമായും തകർക്കാൻ സാധിച്ചിട്ടില്ലെന്നും, എന്നാൽ അമേരിക്കയുടെ മിസൈൽ ശേഖരം ഗണ്യമായി കുറഞ്ഞെന്നുമാണ് വാൻസിന്റെ വിലയിരുത്തൽ. അമേരിക്കയുടെ പ്രധാന യുദ്ധോപകരണങ്ങളിൽ പകുതിയിലധികവും ഇതിനോടകം ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ് ആഭ്യന്തര കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആയുധശേഖരം ഇപ്പോഴും സുരക്ഷിതമാണെന്ന പെന്റഗണിന്റെ അവകാശവാദത്തെ വാൻസ് ചോദ്യം ചെയ്യുന്നു.

പെന്റഗൺ നൽകുന്ന വിവരങ്ങളുടെ കൃത്യതയെക്കുറിച്ച് വാൻസ് പ്രസിഡന്റ് ട്രംപുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ് ചെയർമാൻ ഡാൻ കെയ്‌നും ഇറാന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് അവകാശപ്പെടുമ്പോഴാണ് വാൻസ് തന്റെ ആശങ്കകൾ പങ്കുവെക്കുന്നത്.

 പ്രതിരോധ ഉദ്യോഗസ്ഥർ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം നേരിട്ട് ആരോപിക്കുന്നില്ലെങ്കിലും, തന്ത്രപരമായ വശങ്ങളിൽ വ്യക്തത വേണമെന്ന കർക്കശമായ നിലപാടിലാണ് വൈസ് പ്രസിഡന്റ്. ഇറാന്റെ സൈനിക പ്രഹരശേഷി ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞുവരുന്ന ആയുധശേഖരം യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ വലിയ വെല്ലുവിളിയാകുമെന്നാണ് നയതന്ത്ര വിദഗ്ധർ കരുതുന്നത്.

ഇതിനിടെ ഇറാന്റെ വ്യോമസേനയും മിസൈൽ വിക്ഷേപണ സംവിധാനങ്ങളും ഭൂരിഭാഗവും ഇപ്പോഴും സുരക്ഷിതമാണെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. നിലവിൽ ഹുർമുസ് കടലിടുക്കിൽ നാവിക നീക്കങ്ങൾ നടത്താനുള്ള ശേഷിയും ഇറാന് ഇപ്പോഴുണ്ട്.

Tags:    
News Summary - JD Vance fears Pentagon may be giving Trump inaccurate picture of Iran war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.