തകരാറിലായ റോബോട്ടുകൾക്ക് സ്ഥലത്തെത്തി ഉടൻ ചികിത്സ; ലോകത്തെ ആദ്യ 'റോബോട്ട് ആംബുലൻസു'മായി ജപ്പാൻ
ടോക്കിയോ: ഫാക്ടറികളിലും വെയർഹൗസുകളിലും ഹോട്ടലുകളിലും വീടുകളിലുമെല്ലാം ഇന്ന് ഹ്യൂമനോയ്ഡ് റോബോട്ടുകൾ സാധാരണ കാഴ്ചയായി മാറുകയാണ്. ചുമതലപ്പെടുത്തിയ ജോലികൾ കാര്യക്ഷമമായി ചെയ്യുന്നതിനിടെ ഇവയിൽ ഒരെണ്ണം പണി മുടക്കിയാൽ എന്ത് ചെയ്യും? ഈ പ്രശ്നത്തിന് പ്രായോഗിക പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാൻ.
ജാപ്പനീസ് ടെക് ഭീമനായ ജി.എം.ഒ ഇന്റർനെറ്റ് ഗ്രൂപ്പ് ലോകത്തിലെ ആദ്യത്തെ "റോബോട്ട് ആംബുലൻസ്" അവതരിപ്പിച്ചു. തകരാറിലായ ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് അടിയന്തര സഹായവും സ്ഥലത്തെത്തി അറ്റകുറ്റപ്പണികളും നൽകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ യൂണിറ്റാണിത്.
ഇൻ്ററസ്റ്റിങ് എഞ്ചിനീയറിങ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ ആംബുലൻസ് ഉടൻ തന്നെ ടോക്കിയോയിലെ തെരുവുകളിൽ ഓടിത്തുടങ്ങും. എഞ്ചിനീയർമാർ, റിപ്പയർ ഉപകരണങ്ങൾ, ആവശ്യമായ സ്പെയർ പാർട്സുകൾ എന്നിവയുമായാണ് ഈ മൊബൈൽ യൂണിറ്റുകൾ എത്തുക."ഹ്യൂമനോയ്ഡ് 'ആംബുലൻസ്' പകരം വെക്കാനുള്ള ഹ്യൂമനോയ്ഡിനെ സ്ഥലത്തെത്തിച്ച് കേടായ ഹ്യൂമനോയ്ഡിന് പകരം സ്ഥാപിക്കുന്നു, ജിഎംഒ എയറിലെ എഞ്ചിനീയറായ ഷോട്ട തകിസാവ പറഞ്ഞു.
ഭൂരിഭാഗം ഹ്യൂമനോയ്ഡ് റോബോട്ടുകളും സങ്കീർണ്ണവും പ്രവചനാതീതവുമായ ചുറ്റുപാടുകളിലൂടെയാണ് സഞ്ചരിക്കുന്നത്. പടികൾ കയറാനും ഭാരമുള്ള സാധനങ്ങൾ ചുമക്കാനും മനുഷ്യർക്കൊപ്പം പ്രവർത്തിക്കാനുമാണ് ഇവയെ സാധാരണ നിയോഗിക്കുന്നത്. അതിനാൽ, ദൈനംദിന ശാരീരിക അപകടസാധ്യതകൾ ഇവ നേരിടുന്നു. ചെറിയൊരു വീഴ്ചയോ പെട്ടെന്നുള്ള ബാലൻസ് നഷ്ടപ്പെടലോ പോലും കൈകാലുകൾ ഒടിയാനോ സെൻസറുകൾക്ക് കേടുപാടുകൾ സംഭവിക്കാനോ കാരണമാകും.
ബാറ്ററി പ്രശ്നങ്ങൾ, കമ്മ്യൂണിക്കേഷൻ തകരാറുകൾ, സോഫ്റ്റ്‌വെയർ പിഴവുകൾ എന്നിവയും റോബോട്ടിനെ ജോലിക്കിടെ നിശ്ചലമാക്കും. ഭാരമേറിയതും പ്രവർത്തനരഹിതവുമായ ഹ്യൂമനോയ്ഡിനെ കേന്ദ്രീകൃത റിപ്പയർ സെൻ്ററിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന് സമയമെടുക്കും, ഗതാഗത ചെലവും കൂടുതലാണ്. റിപ്പയർ ഷോപ്പിനെ നേരിട്ട് യന്ത്രത്തിലേക്ക് എത്തിച്ചാണ് റോബോട്ട് ആംബുലൻസ് ഇത് പരിഹരിക്കുന്നത്.
യഥാർത്ഥ മെഡിക്കൽ റെസ്പോൺസ് ടീമിനെപ്പോലെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. നൂതന ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യയും മൊബൈൽ എഞ്ചിനീയറിങ് ഉപകരണങ്ങളും സംയോജിപ്പിച്ചാണിത്. ഒരു റോബോട്ട് തകരാറിലാകുമ്പോൾ, ഫീൽഡ് ഓപ്പറേറ്റർമാർ അടിയന്തര ഡിസ്പാച്ച് അഭ്യർത്ഥന അയയ്ക്കും.സ്ഥലത്തെത്തിയാൽ, ടെക്നീഷ്യൻമാർ വയർലെസ് ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ഉപയോഗിച്ച് റോബോട്ടിന്റെ ആന്തരിക സംവിധാനങ്ങൾ വേഗത്തിൽ സ്കാൻ ചെയ്ത് ഹാർഡ്‌വെയർ തകരാറുകളോ സോഫ്റ്റ്‌വെയർ ബഗുകളോ കണ്ടെത്തും.
അറ്റകുറ്റപ്പണികൾക്ക് ശേഷം, ടെക്നീഷ്യൻമാർ റോബോട്ടിന്റെ ബാലൻസ് ഗൈറോകളും മോഷൻ കൺട്രോളറുകളും വീണ്ടും സിങ്ക് ചെയ്ത് സുരക്ഷിതമായി നടക്കാനും പ്രവർത്തിക്കാനും കഴിയുമെന്ന് ഉറപ്പാക്കും. കേടായ റോബോട്ടുകളുടെ അറ്റകുറ്റപ്പണികൾ മൂലം തങ്ങൾക്ക് നേരിട്ട തടസ്സങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഇത്തരമൊരു ആംബുലൻസ് എന്ന ആശയം ഉടലെടുത്തതെന്ന് കമ്പനി പറയുന്നു. ഹ്യൂമനോയ്ഡുകൾ കൂടുതൽ പ്രചാരത്തിലാകുമ്പോൾ, ഇത്തരമൊരു സേവനം ആവശ്യമായി വരും," തകിസാവ കൂട്ടിച്ചേർത്തു. നിലവിൽ ജി.എം.ഒ എയറിന്റെ ടോക്കിയോ ആസ്ഥാനത്ത് ഒരു ആംബുലൻസ് മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.