ഡൊണാൾഡ് ട്രംപ്
ഇറാൻ യുദ്ധവും ഇന്ധന വിലക്കയറ്റവും തിരിച്ചടിയായെന്ന് ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പരാജയം. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലത്തെ അട്ടിമറിച്ചുകൊണ്ട് ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുത്തു. ഇറാൻ യുദ്ധവും ഉയർന്ന ഇന്ധന വിലയുമാണ് റിപ്പബ്ലിക്കൻ പർട്ടിയുടെ തോൽവിക്ക് കാരണമെന്ന് പ്രസിഡന്റ് ട്രംപ് സമ്മതിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇറാൻ വിഷയത്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളെ ആളുകൾ പിന്തുണക്കുന്നുണ്ട്. എന്നാൽ പെട്രോളിന് കൂടുതൽ പണം നൽകുകയെന്ന താൽക്കാലിക ബുദ്ധിമുട്ട് സഹിക്കാൻ അവർ തയ്യാറായില്ല. എനിക്ക് അതു മനസ്സിലാകാം, പക്ഷേ ഞാൻ അതിനോട് യോജിക്കുന്നില്ല’ - ട്രംപ് പറഞ്ഞു. ഇറാനെതിരെ വലിയ നടപടികൾ തന്നെ ആവശ്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.
തെരഞ്ഞെടുപ്പ് ഫലം തന്നെ അത്ഭുതപ്പെടുത്തിയെന്നും ട്രംപ് വ്യക്തമാക്കി. വലിയ റാലികൾ നടന്നിട്ടും പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, എതിരാളികളായ ഡെമോക്രാറ്റുകളുടെ വിജയത്തെ അഭിനന്ദിക്കാൻ ട്രംപ് തയ്യാറായി. 11 വർഷമായി അവർ ഇതിനായി പരിശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നില്ലെന്നും, താൻ ബാലറ്റിൽ ഇല്ലാത്തതാണ് തോൽവിക്ക് കാരണമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡെമോക്രാറ്റുകൾ പാസാക്കുന്ന ബില്ലുകൾ തന്റെ വീറ്റോ അധികാരത്തിലൂടെ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിനിധി സഭക്ക് പുറമെ ടെക്സസ്, കാൻസസ്, സൗത്ത് കരോലിന ഉൾപ്പെടെയുള്ള പരമ്പരാഗത റിപ്പബ്ലിക്കൻ കോട്ടകളിൽ ഡെമോക്രാറ്റുകൾ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്തു.
സൗത്ത് കരോലിനയിൽ ട്രംപ് പിന്തുണച്ച ആക്ടിങ് സെനറ്റർ ഡാർലിൻ ഗ്രഹാമിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് സ്ഥാനാർഥി അനി ആൻഡ്രൂസ് വിജയം നേടി. കഴിഞ്ഞ 28 വർഷത്തിനിടെ ഈ സംസ്ഥാനത്ത് ഡെമോക്രാറ്റുകൾ നേടുന്ന ആദ്യ സെനറ്റ് വിജയമാണിത്. അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സഹോദരിയാണ് ഡാർലിൻ ഗ്രഹാം.
ട്രംപിന്റെ പിന്തുണയോടെ ടെക്സസിൽ മത്സരിച്ച അറ്റോർണി ജനറൽ കെൻ പാക്സ്റ്റനെ ഡെമോക്രാറ്റ് സ്ഥാനാർഥി ജെയിംസ് തലാറിക്കോ പരാജയപ്പെടുത്തി. ടെക്സസ് ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നേതാവ് ഗ്രെഗ് ആബട്ടും പരാജയപ്പെട്ടു.
മിഷിഗണിൽ മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് സ്ഥാനാർഥി അബ്ദുൽ അൽ സഈദ് വിജയിച്ചു. യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം നേതാവായി അദ്ദേഹം മാറി. യുദ്ധങ്ങൾക്കും വർണവിവേചനത്തിനും എതിരെ വിജയാഘോഷ വേളയിൽ അദ്ദേഹം ശക്തമായ നിലപാട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ, ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും, റിപ്പബ്ലിക്കൻ പക്ഷത്ത് കടുത്ത അസംതൃപ്തി നിലനിൽക്കുന്നുണ്ട്. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കോൺഗ്രസിനെ നേരിടാൻ കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.