യു.എസ് തെരഞ്ഞെടുപ്പ്: വെറുപ്പിന്റെ നെഞ്ച് പിളർന്ന് ‘അൽ സഈദി’യന് വിജയം
പൊതുജനാരോഗ്യ രംഗത്തെ അനുഭവവും പുരോഗമന രാഷ്ട്രീയ നിലപാടുകളുമായി യു.എസ് സെനറ്റിലേക്ക് ചരിത്രം കുറിച്ചിരിക്കുകയാണ് ഡോ. അബ്ദുൽ അൽ സഈദ്. മിഷിഗണിൽ നിന്നുള്ള വിജയം അൽ സഈദിനെ യു.എസ് സെനറ്റിലെത്തിക്കുന്നതോടൊപ്പം അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററെന്ന നേട്ടവും സമ്മാനിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ മുസ്ലിം സ്വത്വം ചർച്ചയാകുമ്പോഴെല്ലാം വിദ്വേഷ പ്രചാരണങ്ങളും തീവ്രവാദ ആരോപണങ്ങളും ഉയരാറുണ്ട്. അത്തരം പ്രചാരണങ്ങൾക്കു മുന്നിൽ പതറാതെയാണ് അൽ സഈദ് മുന്നേറിയത്.
രാഷ്ട്രീയ പ്രവേശനകാലം മുതൽ അൽ സഈദിന് വംശീയവും മതപരവുമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. 2018ലെ ഗവർണർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുസ്ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. 2026ലെ സെനറ്റ് തെരഞ്ഞെടുപ്പിലും സമാനമായ ആരോപണങ്ങൾ ആവർത്തിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സും യു.എസ് പ്രിസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തെ തീവ്രവാദത്തോട് അനുഭാവമുള്ളയാളായി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നു. അൽ സഈദിനെ 'ജിഹാദിസ്റ്റ്' എന്ന് വിശേഷിപ്പിക്കുകയും അമേരിക്കയോടുള്ള അദ്ദേഹത്തിന്റെ കൂറിനെയും ട്രംപ് പ്രചാരണവേളയിൽ ചോദ്യം ചെയ്തിരുന്നു.
അമേരിക്കയിൽ ശരീഅത്ത് നിയമം നടപ്പാക്കാൻ അൽ സഈദ് ആഗ്രഹിക്കുന്നുവെന്ന പ്രചാരണവും വ്യാപകമായിരുന്നു. എന്നാൽ മുസ്ലിം ബ്രദർഹുഡിൽ അംഗമായിരുന്നുവെന്നതിനും തീവ്രവാദത്തെ പിന്തുണച്ചുവെന്നതിനും തെളിവുകളില്ലെന്ന് പോളിറ്റിഫാക്ട് റിപ്പോർട്ട് ചെയ്തു. അതേസമയം അൽ സഈദിനെതിരെ എതിർപ്പ് ഉയർന്നത് റിപ്പബ്ലിക്കൻ ക്യാമ്പിൽനിന്ന് മാത്രമായിരുന്നില്ല. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലും അദ്ദേഹത്തിനെതിരെ വിയോജിപ്പുണ്ടായിരുന്നു. പ്രത്യേകിച്ച് ഇസ്രായേൽ-ഗസ്സ വിഷയത്തിലെ നിലപാടും പാർട്ടിയിലെ മധ്യനിര നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹത്തിനെതിരായ ആഭ്യന്തര എതിർപ്പിന് കാരണമായിരുന്നു.
പ്രൈമറിയിൽ അൽ സഈദിനോട് പരാജയപ്പെട്ട ഹേലി സ്റ്റീവൻസ് പിന്നീട് റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെ പിന്തുണച്ചതോടെ പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമാവുകയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇരുവരും ഒരുമിച്ച് പങ്കെടുക്കേണ്ടിയിരുന്ന ഐക്യപരിപാടിയും തർക്കത്തെ തുടർന്ന് മുടങ്ങി. സ്റ്റീവൻസിന്റെ നീക്കത്തെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ വിമർശിച്ചെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ ഈ ഭിന്നത അൽ സഈദിന്റെ പ്രചാരണത്തിന് വലിയ വെല്ലുവിളിയായിരുന്നു.
എന്നാൽ വിദ്വേഷ പ്രചാരണങ്ങൾക്കൊപ്പം വിലക്കയറ്റം, ഇന്ധനവില, ഇറാനിലെ യുദ്ധം, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് സഈദ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ടുപോയത്. കൂടാതെ തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന സന്ദേശവും അൽ സഈദ് ഉയർത്തി. ഒടുവിൽ വിദ്വേഷ പ്രചാരണങ്ങളെയും ഇസ്ലാമോഫോബിക് അജണ്ടകളെയും മറികടന്നാണ് മിഷിഗണിൽ വിജയിച്ചത്.
1984 ഒക്ടോബർ 31ന് മിഷിഗണിൽ ജനിച്ച അൽ സഈദ് ഈജിപ്ഷ്യൻ കുടിയേറ്റ കുടുംബത്തിലെ അംഗമാണ്. മിഷിഗൺ സർവകലാശാലയിൽനിന്ന് ബയോളജിയിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടിയ അദ്ദേഹം, പിന്നീട് റോഡ്സ് സ്കോളർഷിപ്പ് നേടി ഓക്സ്ഫഡ് സർവകലാശാലയിൽ പൊതുജനാരോഗ്യത്തിൽ ഗവേഷണ ബിരുദം പൂർത്തിയാക്കി. കൊളംബിയ സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദവും നേടി. പൊതുജനാരോഗ്യത്തിലും എപ്പിഡെമിയോളജിയിലുമായിരുന്നു തുടർന്നുള്ള ശ്രദ്ധ.
2015ൽ ഡെട്രോയിറ്റ് നഗരത്തിലെ പൊതുജനാരോഗ്യ വകുപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റതോടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അമേരിക്കയിലെ ഒരു വലിയ നഗരത്തിന്റെ ആരോഗ്യവകുപ്പ് തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. നഗരത്തിലെ സ്കൂൾ കുട്ടികൾക്ക് സൗജന്യ കണ്ണടകൾ ലഭ്യമാക്കൽ, സ്കൂളുകളിലെ മലിനീകരണം തടയൽ, പൊതുജനാരോഗ്യ സേവനങ്ങളുടെ ലഭ്യത വർധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ അക്കാലത്ത് ജനപ്രീതി നേടിയിരുന്നു.
2017ൽ ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഡെട്രോയിറ്റ് ആരോഗ്യവകുപ്പിൽനിന്ന് പിന്മാറി. 2018ലെ മിഷിഗൺ ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് 2022 മുതൽ 2025 വരെ വെയ്ൻ കൗണ്ടി ആരോഗ്യ-മനുഷ്യ-വെറ്ററൻസ് സേവന വകുപ്പിന്റെ ഡയറക്ടറായും ഹെൽത്ത് ഓഫീസറായും പ്രവർത്തിച്ചു. ആരോഗ്യനയം, പൊതുജനാരോഗ്യം, ഭരണസംവിധാനം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങൾ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്തുന്നതിലും നിർണായകമായി.
ആരോഗ്യപരിരക്ഷ എല്ലാവർക്കും ഉറപ്പാക്കുന്ന 'മെഡികെയർ ഫോർ ഓൾ' പദ്ധതിയാണ് അൽ സഈദിന്റെ പ്രധാന രാഷ്ട്രീയ നിലപാടുകളിലൊന്ന്. ചികിത്സാചെലവിന്റെ പേരിൽ സാധാരണക്കാർ കടക്കെണിയിലാകുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും ആരോഗ്യപരിരക്ഷ പണമുള്ളവർക്ക് മാത്രം ലഭിക്കുന്ന അവകാശമായി മാറരുതെന്നും അൽ സഈദ് വാദിച്ചു. മെഡിക്കൽ കടങ്ങൾ കുറക്കുക, തൊഴിലാളി കുടുംബങ്ങളുടെ ജീവിതച്ചെലവ് ലഘൂകരിക്കുക, കോർപറേറ്റ് താൽപര്യങ്ങൾക്കുമേൽ സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുക എന്നിവയും അദ്ദേഹത്തിന്റെ പ്രചാരണത്തിലെ പ്രധാന വിഷയങ്ങളായിരുന്നു.
തെരഞ്ഞെടുപ്പുകളിൽ കോർപറേറ്റ് പണത്തിന്റെ സ്വാധീനം കുറക്കണമെന്നും സാധാരണക്കാരുടെ ചെറുസംഭാവനകളിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തണമെന്നും അൽ സഈദ് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിന് അമേരിക്ക നൽകുന്ന സൈനിക സഹായത്തെ എതിർക്കുകയും ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളെ വംശഹത്യയെന്ന് വിശേഷിപ്പിക്കുകയും ചെയ്ത നിലപാടുകളും ആഗോള രാഷ്ട്രീയത്തിൽ അൽ സഈദിനെ ശ്രദ്ധേയനാക്കി. ഈ നിലപാടുകൾ മിഷിഗണിലെ അറബ്-അമേരിക്കൻ, മുസ്ലിം വോട്ടർമാരിൽനിന്ന് പിന്തുണ നേടിയപ്പോൾ ചില ജൂത വോട്ടർമാർക്കിടയിൽ എതിർപ്പിന് കാരണമായിരുന്നു. ഈജിപ്ഷ്യൻ കുടിയേറ്റ കുടുംബത്തിൽ ജനിച്ച് പൊതുജനാരോഗ്യ രംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തിയ അൽ സഈദിന്റെ യാത്ര, അമേരിക്കൻ രാഷ്ട്രീയത്തിൽ മുസ്ലിം പ്രാതിനിധ്യത്തിന്റെ പുതിയ അധ്യായമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.