തോൽവിക്ക് പിന്നാലെ ട്രംപിനെ 'മാലിന്യത്തൊട്ടിയിൽ' തള്ളി ഇറാൻ എംബസി; യു.എസ് തെരഞ്ഞെടുപ്പിന് പിന്നാലെ അസാധാരണ പരിഹാസം
വാഷിംഗ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ട്രംപിനെ അതിരൂക്ഷമായി പരിഹസിച്ച് ഇന്ത്യയിലെ ഇറാൻ എംബസി രംഗത്ത്. 'ട്രംപ്' എന്ന് ലേബൽ ചെയ്ത ഒന്നിനെ 'അപകടകരമായ മാലിന്യം' എന്ന് അടയാളപ്പെടുത്തിയ ബിന്നിലേക്ക് വലിച്ചെറിയുന്ന തരത്തിലുള്ള ആക്ഷേപഹാസ്യ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യയിലെ ഇറാൻ എംബസി ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ പ്രതികരിച്ചത്. പ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നയതന്ത്ര മര്യാദകളെപ്പോലും മറികടന്നുള്ള ഇറാന്റെ ഈ അസാധാരണ പരിഹാസം.
എ.ഐ ജനറേറ്റഡ് ദൃശ്യങ്ങളുമായി ട്രോൾ ആക്രമണം
ഇന്ത്യയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക 'എക്സ്' അക്കൗണ്ട് വഴിയാണ് ട്രംപിനെ പരിഹസിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തയ്യാറാക്കിയതെന്ന ലേബലോടെയുള്ള ദൃശ്യങ്ങളും ട്രംപിനെ ലക്ഷ്യമിട്ടുള്ള പരിഹാസങ്ങളുമാണ് എംബസി പ്രചരിപ്പിച്ചത്. ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള കൃത്രിമ ചിത്രങ്ങളും വാർത്തകൾക്കൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അമേരിക്കൻ വിദേശനയത്തിലും പശ്ചിമേഷ്യൻ വിഷയങ്ങളിലും ട്രംപ് സ്വീകരിച്ച കടുത്ത ഇറാൻ വിരുദ്ധ നിലപാടുകൾക്കുള്ള മറുപടിയായാണ് നയതന്ത്ര കാര്യാലയങ്ങൾ വഴി ഇത്തരം ഒരു പരിഹാസം ഇറാൻ തൊടുത്തുവിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു രാജ്യത്തിന്റെ ഔദ്യോഗിക എംബസി തന്നെ മറ്റൊരു പ്രമുഖ രാഷ്ട്രത്തലവന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ പരസ്യമായി പരിഹസിക്കാൻ സോഷ്യൽ മീഡിയയെയും ആക്ഷേപഹാസ്യ രൂപങ്ങളെയും ഉപയോഗിച്ചത് അന്താരാഷ്ട്ര തലത്തിൽ പുതിയ നയതന്ത്ര തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.