പസഫിക്കിനു മുകളിലൂടെ അപകടകരമായ നീക്കങ്ങളുമായി ചൈനീസ് യുദ്ധ വിമാനങ്ങൾ; പ്രതിഷേധം അറിയിച്ച് ജപ്പാൻ

ടോക്കിയോ: പസഫിക്കിന് മുകളിലൂടെയുള്ള ജപ്പാനീസ് സമുദ്ര പട്രോളിങ് വിമാനങ്ങൾക്കു സമീപം ചൈനീസ് യുദ്ധവിമാനങ്ങൾ നടത്തിയ നീക്കങ്ങൾക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചതായി ജപ്പാൻ. കഴിഞ്ഞ വാരാന്ത്യത്തിൽ പസഫിക്കിൽ ചൈനയുടെ രണ്ട് സജീവ വിമാനവാഹിനിക്കപ്പലുകൾ ഒരേസമയം കാണപ്പെട്ടതായി ജപ്പാൻ പുറത്തുവിട്ടിരുന്നു.

ഷാൻഡോങ് വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള ഒരു ചൈനീസ് ജെ-15 യുദ്ധവിമാനം ഒരു ജപ്പാനീസ് പി-3 സി സമുദ്ര നിരീക്ഷണ വിമാനത്തിന്റെ 45 മീറ്റർ അകലത്തിൽ പറന്നതായും രണ്ട് ദിവസങ്ങളിൽ മറ്റ് ‘അപകടകരമായ നീക്കങ്ങൾ’ നടത്തിയതായും ജപ്പാന്റെ ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ചൈനീസ് പക്ഷത്തോട് തങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും ആവർത്തനം തടയണമെന്ന് ഗൗരവമായി അഭ്യർത്ഥിക്കുകയും ചെയ്തുവെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.

ഒകിനാവ ദ്വീപ് ആസ്ഥാനമായുള്ള ജപ്പാന്റെ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ പി-3സി വിമാനങ്ങൾ പസഫിക്കിലെ അന്താരാഷ്ട്ര ജലാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതിനിടെ ചൈനീസ് യുദ്ധവിമാനങ്ങളെ നേരിട്ടുവെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയവും പറഞ്ഞു.

ചൈനീസ് സൈനിക വിമാനങ്ങളുടെ ഇത്തരം അസാധാരണ സമീപനങ്ങൾ ആകസ്മികമായ കൂട്ടിയിടികൾക്ക് കാരണമായേക്കാമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജപ്പാനീസ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും വിമാന ജീവനക്കാർക്ക് പരിക്കുകൾ സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Japan protests to China after ‘dangerous’ moves by warplanes over Pacific

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.