അമേരിക്കൻ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനാൽ യു.എസ് ഉപേക്ഷിക്കാനൊരുങ്ങി ഹോളിവുഡ് സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ.
അമേരിക്കയിൽ നിന്ന് സ്ഥിരമായി ന്യൂസിലൻഡിലേക്ക് താമസം മാറാൻ പദ്ധതിയിടുന്നതായി കാമറൂൺ പറഞ്ഞു. അമേരിക്കയിൽ തനിക്ക് സുരക്ഷയുണ്ടെന്ന് തോന്നുന്നില്ലെന്നും എല്ലാ ദിവസവും പത്രങ്ങളുടെ ആദ്യ പേജിൽ ട്രംപിന്‍റെ ചിത്രം കാണാൻ താൽപര്യമില്ലെന്നും കാമറൂൺ പറഞ്ഞു.
ഒരു പോഡ്കാസ്റ്റിലൂടെയാണ് സംവിധായകൻ നിലപാട് വ്യക്തമാക്കിയത്. 'ട്രംപിന്റെ ഭരണം ഭയപ്പെടുത്തുന്നു. അര്‍ഥവത്തായ എല്ലാ കാര്യങ്ങളെയും തിരസ്കരിക്കുന്നതാണ് കാണുന്നത്. അമേരിക്ക പൊള്ളയായ ആശയം മാത്രമായി മാറുന്നു.’കാമറൂണ്‍ പറഞ്ഞു.
ചരിത്രപരമായി എന്തിനൊക്കെ വേണ്ടിയാണോ അമേരിക്ക നിലനില്‍ക്കുന്നത്, അതില്‍ നിന്നെല്ലാം യു.എസ് പിന്മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വർഷമായി, കാമറൂൺ യു.എസിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയം ന്യൂസിലൻഡിലാണ് ചെലവഴിച്ചത്.
ഹോളിവുഡിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളായ ടൈറ്റാനിക്, അവതാർ തുടങ്ങിയവയുടെ സൃഷ്ടാവായ കാമറൂണ്‍, ഭാവി സിനിമകള്‍ ന്യൂസിലന്‍ഡില്‍ ചെയ്യാനാണ് പദ്ധതിയെന്നും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.