ടെലിവിഷൻ ഷോക്കിടെ സെക്സിസ്റ്റ് പരാമർശം; ഇറ്റാലിയൻ പ്രധാനമന്ത്രി പങ്കാളിയുമായി വേർപിരിഞ്ഞു

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും പങ്കാളിയും ടെലിവിഷൻ അവതാരകനുമായ ആൻഡ്രിയ ജിയാംബ്രൂണോയും തമ്മിൽ വേർപിരിഞ്ഞു. ജിയാംബ്രൂണോ ടെലിവിഷൻ വഴി നടത്തിയ സെക്സിസ്റ്റ് പരാമർശത്തിന് പിന്നാലെയാണ് ഇരുവരും വേർപിരിഞ്ഞത്. ഇക്കാര്യം മൊലോണിയാണ് അറിയിച്ചത്. ''10 വർഷമായി തുടരുന്ന ബന്ധം അവസാനിപ്പിക്കുകയാണ്. കുറച്ചുകാലമായി ഞങ്ങൾ രണ്ടുവഴികളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ സൗഹൃദം തുടരും.''-എന്നാണ് മെലോണി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. 10 വർഷമായി ലിവിങ് ടുഗെതർ ബന്ധത്തിലായിരുന്നു ഇരുവരും. ഇവർക്ക് ഏഴു വയസുള്ള മകളുണ്ട്.

മുൻ പ്രധാനമന്ത്രിയും മെലോണി സഖ്യകക്ഷിയുമായ, അന്തരിച്ച സിൽവിയോ ബെർലുസ്കോണിയുടെ അവകാശികളുടെ ഉടമസ്ഥതയിലുള്ള എം.എഫ്.ഇ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ മീഡിയസെറ്റ് സംപ്രേഷണം ചെയ്യുന്ന വാർത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ. പരിപാടിക്കിടെ സ്ത്രീ സഹപ്രവർത്തകയോട് ജിയാംബ്രൂണോ മോശമായി പെരുമാറുകയായിരുന്നു. എന്തുകൊണ്ടാണ് ഞാൻ നിങ്ങളെ മുമ്പ് കാണാതിരുന്നത് എന്ന് അയാൾ ചോദിച്ചു.

വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്ത രണ്ടാമത്തെ പരിപാടിയിയുടെ റെക്കോർഡിങ്ങിനിടെ ജിയാംബ്രൂണോ ഒരു അവിഹിത ബന്ധത്തെക്കുറിച്ച് വീമ്പിളക്കുന്നത് കേൾക്കാം. ഒപ്പം സഹപ്രവർത്തകരായ സ്ത്രീകളോട് ഗ്രൂപ്പ് സെക്‌സിൽ പങ്കെടുത്താൽ അവർക്ക് വേണ്ടി പ്രവർത്തിക്കാമെന്നും പറയുന്നുണ്ട്.

ഒരു കൂട്ടബലാത്സംഗ കേസിനെത്തുടർന്ന് ഇരയെ കുറ്റപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരിൽ ഇയാൾക്കെതിരെ ഇക്കഴിഞ്ഞ ആഗസ്റ്റിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

''താങ്കൾക്ക് ഡാൻസ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മദ്യപിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അക്കാര്യത്തിൽ ഒരു തരത്തിലുമുള്ള തെറ്റിദ്ധാരണയും ഒരു പ്രശ്‌നവുമുണ്ടാകാൻ പാടില്ല. എന്നാൽ, മദ്യലഹരിയിൽ ബോധം പോകാതെ സൂക്ഷിക്കുകയാണെങ്കിൽ പ്രശ്‌നത്തിൽ അകപ്പെടാതെ, ചെന്നായയ്ക്കു മുന്നിൽപെടാതെ നോക്കാമായിരുന്നു.''-എന്നായിരുന്നു വിവാദ പരാമർശം. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ, പങ്കാളിയുടെ പരാമർശത്തിൽനിന്നു തന്നെ വിലയിരുത്തരുതെന്നായിരുന്നു മെലോണിയുടെ പ്രതികരണം. വർഷങ്ങൾക്കുമുൻപ് ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് മെലോനിയും ആന്ദ്രേയയും പരിചയത്തിലാകുന്നത്.

Tags:    
News Summary - Italy PM Giorgia Melonis plits from partner After his sexist comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.