തെൽ അവീവ്: ഗസ്സയിൽ അനന്തമായി നീളുന്ന വംശഹത്യയെ ചൊല്ലി ഇസ്രായേൽ മന്ത്രിസഭയിൽ ഭിന്നത രൂക്ഷം. യുദ്ധത്തിനു ശേഷം ഗസ്സയിൽ നടപ്പാക്കേണ്ട ഭാവി പദ്ധതിയിൽ ഉടൻ തീരുമാനമായില്ലെങ്കിൽ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് രംഗത്തെത്തി. തീവ്രവലതുപക്ഷ പിന്തുണയോടെ അധികാരത്തിൽ തുടരുന്ന നെതന്യാഹുവിന് കൂടുതൽ ആശങ്ക ഉയർത്തിയാണ് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗത്തിൽനിന്ന് രാജി ഭീഷണിയുമായി ഗാന്റ്സ് ഇറങ്ങിപ്പോയത്.
ബന്ദി മോചനവും ഒപ്പം ഗസ്സയുടെ ഭാവിയും അടങ്ങുന്ന പദ്ധതി ജൂൺ എട്ടിനകം പ്രഖ്യാപിക്കണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം, സർക്കാറിന് പിന്തുണ പിൻവലിക്കും. നിലവിൽ തീവ്രവലതുപക്ഷം പിന്തുണക്കുന്നതിനാൽ പിന്മാറ്റം സർക്കാറിന് ഭീഷണിയായേക്കില്ല. എന്നാൽ, കൂടുതൽ പേർ ഗാന്റ്സിനൊപ്പം ചേരുന്നത് നെതന്യാഹുവിന് കാര്യങ്ങൾ അപകടത്തിലാക്കും.
എട്ടാം മാസത്തിലേക്കു കടന്ന ഗസ്സ വംശഹത്യയിൽ 35,000ത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 10,000ത്തിലേറെ പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലായതിനാൽ മരണസംഖ്യ ഉയരും. ജബാലിയയിലും നുസൈറാത്തിലും അഭയാർഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. നുസൈറാത്തിൽ ഞായറാഴ്ച പുലർച്ച ഒരു കുടുംബത്തിലെ 31 പേരും ജബാലിയയിൽ 26 പേരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
ഹമാസും ഇസ്രായേൽ സൈന്യവും തമ്മിൽ രൂക്ഷ പോരാട്ടം തുടരുന്ന റഫയിൽനിന്ന് ദിവസങ്ങൾക്കിടെ എട്ടുലക്ഷം പേർ പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. രണ്ടാഴ്ചക്കിടെ ഗസ്സയിലേക്കുള്ള 3,000ത്തിലേറെ സഹായ ട്രക്കുകൾ ഇസ്രായേൽ തടഞ്ഞതായി ഗസ്സ സർക്കാർ ഓഫിസ് അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സക്കായി പുറപ്പെടുന്നതും തടഞ്ഞുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.