ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിന് ചെലവായത് 4,600 കോടി; എന്നിട്ടും മിസൈലുകൾ വ്യോമ കേന്ദ്രത്തിൽ പതിച്ചു

തെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കാൻ ഇസ്രയേലിന് ചെലവായത് കോടികളെന്ന് റിപ്പോർട്ട്. 4,600 കോടിയോളം രൂപ (550 മില്യൺ ഡോളർ) ഇസ്രായേൽ ചെലവിട്ടതായി തെൽ അവീവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് ആണ് വ്യക്തമാക്കിയത്.

ഇറാന്‍റെ ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കാനുള്ള ഒരു 'ആരോ' മിസൈലിന് ഏകദേശം 3.5 മില്യൺ യു.എസ് ഡോളർ ചെലവ് വരും. ഒരു 'മാജിക് വാൻഡ്' മിസൈലിന്‍റെ വില ഒരു മില്യൺ യു.എസ് ഡോളറാണ്. 4,600 കോടിക്ക് പുറമെ ഇന്ധനത്തിന്‍റെയും മറ്റ് യുദ്ധ സാമഗ്രികളുടെയും ചെലവ് അധികമായി വരും.

ഇറാൻ തൊടുത്ത 300 മിസൈലുകളിലും ഡ്രോണുകളിലും 99 ശതമാനവും തടഞ്ഞതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) വക്താവ് ഡാനിയേൽ ഹഗാരി വ്യക്തമാക്കുന്നു. 170 ഡ്രോണുകൾ, 30 ക്രൂസ് മിസൈലുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ എന്നിവയാണ് ഇസ്രായേൽ ലക്ഷ്യമാക്കി വന്നത്.

ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിക്കാൻ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനമാണ് മുഖ്യമായും സേന ഉപയോഗിച്ചത്. 100 ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആറു മണിക്കൂറാണ് ആകാശത്ത് പറന്നത്. 10 ബാലിസ്റ്റിക് മിസൈലുകളെ തകർത്തത് യുദ്ധവിമാനങ്ങളാണ്.

അതേസമയം, ഇറാൻ വിക്ഷേപിച്ച മിസൈലുകളിൽ ചുരുക്കം ചിലത് ഇസ്രായേൽ അതിർത്തിക്കുള്ളിൽ പതിച്ചു. തെക്കൻ ഇസ്രായേലിലെ ഒരു സൈനിക കേന്ദ്രത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഹുർമൂസ് കടലിടുക്കിൽ നിന്ന് ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാൻ നേരിട്ടുള്ള ആക്രമണം നടത്തിയത്.

ഇറാനിൽ നിന്നാണ് ഭൂരിഭാഗം മിസൈലുകളും ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്. കൂടാതെ ഇറാഖിൽ നിന്നും യെമനിൽ നിന്നും മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ഇസ്രായേലിന് നേരെയുള്ള തിരിച്ചടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേർ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയിരുന്നു. 

Tags:    
News Summary - Israel's Cost to Intercept Iranian Drones and Missiles Is Put at Over $550 Million

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.