ഗസ്സ സിറ്റി: തെക്കൻ ഗസ്സയിൽ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായും മൂന്ന് സൈനികർക്ക് സാരമായി പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. 12ാം ബറ്റാലിയനിലെ അംഗമായ 20കാരനാണ് മരിച്ചത്. ഇതേ യൂണിറ്റിലെ മൂന്ന് പേർക്കാണ് സാരമായി പരിക്കേറ്റത്. മൂവരെയും ഇസ്രായേലിലേക്ക് കൊണ്ടുപോയതായി സൈന്യം അറിയിച്ചു.
ഇസ്രായേൽ സൈനിക ക്യാപ്റ്റൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്. 28കാരനായ ക്യാപ്റ്റൻ തെക്കൻ ഗസ്സയിൽ കൊല്ലപ്പെട്ടത് തിങ്കളാഴ്ചയാണ് ഇസ്രായേൽ സ്ഥിരീകരിച്ചത്.
അതേസമയം, ഗസ്സയിൽ ഇന്നലെ 24 മണിക്കൂറിനിടെ 52 ഫലസ്തീനികളെ കൂടി ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. റഫയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിന് കാത്തുനിന്ന 38 ഫലസ്തീനികളും കൊല്ലപ്പെട്ടവരിലുൾപ്പെടും. യു.എസിന്റെയും ഇസ്രായേലിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ക്യാമ്പിലാണ് കൂട്ടക്കൊല. ഭക്ഷണത്തിന് കാത്തുനിന്ന കുടുംബങ്ങൾക്ക് നേരെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു.
മൂന്നുമാസത്തോളം പൂർണമായി അടച്ചിട്ടശേഷമാണ് ഇപ്പോൾ പരിമിതതോതിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവിടെ ഭക്ഷണം തേടിയെത്തുന്നവരെ കൊലപ്പെടുത്തുന്നത് ഇസ്രായേൽ പതിവാക്കിയിരിക്കുകയാണ്. ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ക്യാമ്പിൽ ഇതുവരെ 308 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വടക്കൻ ഗസ്സയിലെ ദുരിതാശ്വാസ ക്യാമ്പിലും മൂന്നുപേർ കൊല്ലപ്പെട്ടു. ഇതുവരെ 55,362 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.